ഇന്ത്യയ്ക്ക് 25% വരെ തീരുവ ചുമത്താൻ അമേരിക്ക; വ്യാപാര കരാറായാൽ 17% ആയി കുറയ്ക്കും
വാഷിങ്ടൺ: ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം വരെ തീരുവ ഏർപ്പെടുത്താൻ അമേരിക്കയുടെ നിർദേശം. കംബോഡിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്വാൻ, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്കും പുതിയ തീരുവ ബാധകമാകും. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 40 ശതമാനവും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 15 ശതമാനവും തീരുവ ചുമത്താനാണ് നിർദേശം.
അന്യായമായ വ്യാപാര രീതികളെക്കുറിച്ച് യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് നടത്തിയ എട്ട് മാസം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് പുതിയ തീരുവ നിർദേശങ്ങൾ മുന്നോട്ടുവച്ചത്.
അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെട്ടാൽ ഇന്ത്യയ്ക്കുള്ള നിർദിഷ്ട തീരുവ 17 ശതമാനമായി കുറയ്ക്കാമെന്നും യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്നത് 10 ശതമാനം തീരുവയാണ്.
ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും ആഗോള വിപണിയിലെ അമിത വ്യാവസായിക ഉൽപ്പാദനശേഷി നിയന്ത്രിക്കുന്നതിനുമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പുതിയ നടപടികൾ ആലോചിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 14 വ്യാപാര പങ്കാളികൾക്കെതിരെ തീരുവ ചുമത്താനാണ് അമേരിക്കയുടെ നീക്കം.
സ്റ്റീൽ മുതൽ ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയിലെത്തിച്ച് ചൈന വ്യാപാര രംഗത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ, അമിത ഉൽപ്പാദനം സംബന്ധിച്ച ആരോപണം അമേരിക്കയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉന്നയിക്കുന്നതാണെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും ചൈന തിരിച്ചടിച്ചു.
