KeralaTrending News

കോൺഗ്രസിലേക്ക് മടങ്ങാൻ പത്മജ വേണുഗോപാൽ; അംഗത്വം ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന് കത്ത്

തിരുവനന്തപുരം: കോൺഗ്രസിലേക്ക് മടങ്ങിയെത്താനുള്ള താൽപര്യം ഔദ്യോഗികമായി അറിയിച്ച് പത്മജ വേണുഗോപാൽ. പാർട്ടി അംഗത്വം ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും പത്മജ കത്ത് നൽകി. അൽപസമയം മുമ്പ് ഇ-മെയിൽ വഴിയാണ് ഇരുവരെയും തീരുമാനം അറിയിച്ചത്. പത്മജയുടെ മടങ്ങിവരവിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്നും പാർട്ടി നേതൃത്വവുമായും മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, പത്മജയുടെ പഴയ നിലപാടുകളും പ്രസ്താവനകളും മറക്കാനാകില്ലെന്നാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം. പിതാവ് കെ. കരുണാകരനെപ്പോലും ബി.ജെ.പിയിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്ന തരത്തിലുള്ള പത്മജയുടെ മുൻ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില നേതാക്കൾ എതിർപ്പ് അറിയിക്കുന്നത്. മടങ്ങിവരവിന്റെ കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ തെറ്റ് തിരുത്തി തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവസരം നൽകാമെന്ന മൃദുസമീപനവും ചില മുതിർന്ന നേതാക്കൾക്കുണ്ട്.

പാർട്ടിയിൽ പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും സാധാരണ പ്രവർത്തകയായി തിരിച്ചെത്താനാണ് താൽപര്യമെന്നും പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, അവരുടെ മടങ്ങിവരവിൽ യൂത്ത് കോൺഗ്രസിലെയും മഹിളാ കോൺഗ്രസിലെയും ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ പത്മജയുടെ അപേക്ഷയിൽ കോൺഗ്രസ് നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. 2024 മാർച്ച് ഏഴിനാണ് പത്മജ ബി.ജെ.പിയിൽ ചേർന്നത്. ഈ മാസം 19ന് പാർട്ടിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു.