ബുർജ് ഖലീഫയിൽ ബിസിനസ് സംഗമത്തിന് ഒരുങ്ങി വേള്ഡ് മലയാളി ഫെഡറേഷൻ
കൊച്ചി: ദുബായിലെ ലോകപ്രശസ്തമായ ബുർജ് ഖലീഫയിൽ ബിസിനസ് സംഗമവും യു.എ.ഇയിലെ മലയാളി സമൂഹത്തെ പങ്കെടുപ്പിച്ചുള്ള പാചകമത്സരവും സംഘടിപ്പിക്കാനൊരുങ്ങി വേൾഡ് മലയാളി ഫെഡറേഷൻ. ഇതിനായി വർഗീസ് മൂലൻസ് ഗ്രൂപ്പുമായി സഹകരിച്ചാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. വേൾഡ് മലയാളി ഫെഡറേഷന്റെ ദുബായ് സ്റ്റേറ്റ് കൗൺസിലിന് കീഴിലുള്ള ബിസിനസ് ഫോറമാണ് വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെയും ജയ് മസാലയുടെയും സഹകരണത്തോടെ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
യു.എ.ഇയിലെ സംരംഭകർക്കിടയിൽ പുതിയ വ്യാപാരബന്ധങ്ങളും നിക്ഷേപസാധ്യതകളും സഹകരണങ്ങളും വളർത്തുന്നതിനൊപ്പം മലയാളി സമൂഹത്തിന് കൂടുതൽ ബിസിനസ് അവസരങ്ങൾ ഒരുക്കുകയുമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ പറഞ്ഞു. കേരളത്തിന് ഇനിയും പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത ബ്ലൂ എക്കണോമി ഉൾപ്പെടെയുള്ള മേഖലകളിലെ സാധ്യതകൾ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്താനും പുതിയ ബിസിനസ് കൂടിക്കാഴ്ചകൾക്ക് വേദിയൊരുക്കാനും സംഗമം സഹായിക്കുമെന്ന് മാരിടൈം ഇന്ത്യ – ബ്രിക്സ് ട്രേഡ് കൗൺസിൽ ചെയർമാൻ എൻ.എം. പണിക്കർ വ്യക്തമാക്കി.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള പാചകപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി പാചകമത്സരവും സംഘടിപ്പിക്കും. പ്രാരംഭഘട്ടത്തിൽ യു.എ.ഇയിൽ ആരംഭിക്കുന്ന മത്സരം പിന്നീട് 171 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. പുതുതലമുറയെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്ന് പിന്തിരിപ്പിച്ച് പരമ്പരാഗത പാചകരീതികളിലേക്കും തനത് ഭക്ഷണവിഭവങ്ങളിലേക്കും ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് വർഗീസ് മൂലൻസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് മൂലൻ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ തനത് ഭക്ഷണവിഭവങ്ങളും പാചകപാരമ്പര്യങ്ങളും ഒരേ വേദിയിൽ അവതരിപ്പിക്കുന്നതിനൊപ്പം പ്രവാസി സമൂഹങ്ങൾക്കിടയിലെ സാംസ്കാരിക കൈമാറ്റത്തിനും കൂട്ടായ പങ്കാളിത്തത്തിനും പരിപാടി അവസരമൊരുക്കും. വേൾഡ് മലയാളി ഫെഡറേഷന്റെ ആഗോള ശൃംഖലയും വർഗീസ് മൂലൻസ് ഗ്രൂപ്പിന്റെ വ്യവസായ പരിചയവും ജയ് മസാലയുടെ സഹകരണവും പ്രയോജനപ്പെടുത്തിയാണ് സംയുക്ത സംരംഭങ്ങൾ നടപ്പാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
