കൊച്ചിയിൽ ആദ്യ ‘ഡൊമിസിൽ ഹോം’ ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറന്ന് എച്ച്.ടി.എൽ ഗ്രൂപ്പ്
കൊച്ചി: അപ്ഹോൾസ്റ്റേർഡ് ഫർണിച്ചർ രംഗത്തെ ആഗോളh മുൻനിരക്കാരായ എച്ച്.ടി.എൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് കേരളത്തിലെ തങ്ങളുടെ ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോറായ ‘ഡൊമിസിൽ ഹോം’ കൊച്ചിയിൽ തുറന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറും ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്. 15,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ഷോറൂമിൽ ജർമ്മൻ ബ്രാൻഡുകളായ ഡൊമിസിൽ (Domicil), ഫാബ്രിക്ക (Fabbrica), ഇറ്റാലിയൻ ബ്രാൻഡായ കോറിയം (Corium) എന്നിവയുടെ ശേഖരങ്ങളാണ് ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുന്നത്.
ലിവിംഗ്, ഡൈനിംഗ്, ബെഡ്റൂം ഫർണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. പ്രധാനമായും ഫ്രാഞ്ചൈസി മാതൃകയിലൂടെ അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളിലൊന്നായാണ് ഗ്രൂപ്പ് കേരളത്തെ കാണുന്നത്. പ്രീമിയം വാച്ച് വിപണിയിലെ പ്രമുഖരായ സ്വിസ് ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് എച്ച്.ടി.എൽ ലക്ഷ്വറി ഹോം ഫർണിഷിംഗ് മേഖലയിലേക്ക് കടക്കുന്നത്.
ആഗോള ഡിസൈൻ പ്രവണതകളെക്കുറിച്ച് ഉപഭോക്താക്കൾ കൂടുതൽ ബോധവാന്മാരാകുന്ന സാഹചര്യത്തിൽ, യൂറോപ്യൻ ബ്രാൻഡുകളുടെ പാരമ്പര്യവും ഡിസൈൻ വൈദഗ്ധ്യവും ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് എച്ച്.ടി.എൽ ഗ്രൂപ്പ് സഹസ്ഥാപകൻ ഫുവാ യോംഗ് ടാറ്റ് പറഞ്ഞു. വീടുകൾ മനോഹരമാക്കുന്നതിൽ മലയാളികൾ പുലർത്തുന്ന സവിശേഷമായ താല്പര്യം കണക്കിലെടുത്താണ് ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോർ കൊച്ചിയിൽ ആരംഭിച്ചതെന്ന് ഡൊമിസിൽ കൺട്രി ഹെഡ് (ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക) മനോജ് നായർ വ്യക്തമാക്കി.
ഉല്പന്നങ്ങളുടെ ആധികാരികതയ്ക്കും കരകൗശല മികവിനും പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് മികച്ച അനുഭവമായിരിക്കും ഡൊമിസിൽ ഹോം നൽകുകയെന്ന് സ്വിസ് ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഹാഫിസ് സലാഹുദ്ദീൻ പറഞ്ഞു. 1976-ൽ സിംഗപ്പൂരിൽ സ്ഥാപിതമായ എച്ച്.ടി.എൽ ഗ്രൂപ്പിന് അമ്പതിലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. നിലവിൽ ഇന്ത്യയിലെ 16 നഗരങ്ങളിലായി 32 സ്റ്റോറുകളാണ് ഗ്രൂപ്പിനുള്ളത്.
