World

ഇന്തോനേഷ്യയിൽ സ്വർണഖനിയിൽ വെള്ളപ്പൊക്കം; മരണം 13 ആയി, 13 പേർ കുടുങ്ങിക്കിടക്കുന്നു

ജക്കാർത്ത: ഇന്തോനേഷ്യയിൽ അനധികൃത സ്വർണഖനിയിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരണം 13 ആയി. 13 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ജക്കാർത്തയിൽ നിന്ന് 60 കിലോമീറ്ററോളം തെക്കുമാറി വെസ്റ്റ് ജാവയിലെ ബോഗോർ മേഖലയിലെ പൊങ്കോർ ഖനിയിലാണ് തിങ്കളാഴ്ച ദുരന്തമുണ്ടായത്.

കനത്ത മഴയെ തുടർന്ന് സമീപത്തെ സിസെറൂഹ് നദി കരകവിഞ്ഞൊഴുകി ഖനിക്കുള്ളിലേക്ക് വെള്ളം കയറുകയായിരുന്നു. അപകടസമയത്ത് 26 തൊഴിലാളികളാണ് ഖനിക്കുള്ളിൽ ഉണ്ടായിരുന്നത്. ഏകദേശം 100 മീറ്റർ ആഴത്തിലുള്ള ഖനിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ച 13 പേരിൽ ആറുപേരെ തിരിച്ചറിഞ്ഞതായി വെസ്റ്റ് ജാവ പൊലീസ് മേധാവി ഹെങ്‌കി അറിയിച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യാഴാഴ്ചയും തിരച്ചിൽ തുടരും. രണ്ട് ഖനിഷാഫ്റ്റുകൾ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കയറുകളുടെ സഹായത്തോടെ ഭൂഗർഭ ഭാഗങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് സംഘം. ഖനിയുടെ ആഴവും ഇടുങ്ങിയതും വഴുക്കലുള്ളതുമായ ഇരുട്ട് നിറഞ്ഞ വഴികളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

അനധികൃതമായി പ്രവർത്തിച്ചിരുന്ന ഖനിയായതിനാൽ അപകടവിവരം അധികൃതർക്ക് ലഭിക്കാൻ വൈകി. വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് പമ്പുകൾ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപകടം നടന്ന് ഏകദേശം 16 മണിക്കൂറിന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ബുധനാഴ്ച പുലർച്ചയോടെ ഔദ്യോഗികമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഖനിയിലെ വെള്ളം പുറത്തേക്ക് ഒഴുക്കാൻ പ്രത്യേക പമ്പുകൾ വിന്യസിച്ചിട്ടുണ്ട്. ഭൂഗർഭജലം വീണ്ടും ഖനിക്കുള്ളിലേക്ക് ഒഴുകിയെത്തുന്നത് തടയാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. ബുധനാഴ്ച 30 മുതൽ 40 മീറ്റർ വരെ ആഴത്തിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്.

സംഭവം നടന്ന ഖനി സർക്കാർ ഉടമസ്ഥതയിലുള്ള ആന്റം കമ്പനിയുടെ പൊങ്കോർ സ്വർണഖനി പ്രവർത്തനമേഖലയ്ക്ക് സമീപമാണെങ്കിലും തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമല്ലെന്ന് കമ്പനി വ്യക്തമാക്കി. തങ്ങളുടെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ഖനന പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്നും ആന്റം അറിയിച്ചു. മേഖലയിൽ അനധികൃത ഖനനം തടയാൻ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.