100എക്സ് സ്‌കൂളുമായി കൈകോർത്ത് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്
കൊച്ചി : എൻജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാൻ ‘മിറ്റ്സ് എലിവേറ്റ് @ 100എക്സ്’ പ്രോഗ്രാം അവതരിപ്പിച്ച് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (മിറ്റ്സ് കൊച്ചി). നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ലേണിംഗ് സ്ഥാപനമായ 100എക്സ് സ്‌കൂളുമായി ചേർന്നാണ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്കായി ഈ പ്രത്യേക ആഡ് ഓൺ പ്രോഗ്രാം മിറ്റ്സ് കൊച്ചി അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു.
100എക്സ് സ്‌കൂൾ സ്ഥാപകനും ഐ.ഐ.ടി റൂർക്കി പൂർവവിദ്യാർത്ഥിയും പ്രശസ്ത കോഡിങ് വിദഗ്ധനുമായ ഹർകിരാത് സിംഗിന്റെ മേൽനോട്ടത്തിലാണ് 100എക്സ് പ്രവർത്തിക്കുന്നത്. കമ്പ്യൂട്ടർ സയൻസ്, എ.ഐ, സൈബർ സെക്യൂരിറ്റി, എ.ഐ ആൻഡ് ഡാറ്റാ സയൻസ് എന്നീ വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 120 വിദ്യാർത്ഥികൾക്കാണ് ഈ പ്രോഗ്രാമിൽ പ്രവേശനം ലഭിക്കുക. അക്കാദമിക് പഠനത്തിനപ്പുറം വിദ്യാർത്ഥികളെ ആഗോള തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
മിറ്റ്സിലെ പഠനത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും വേനലവധി കാലത്ത് വിദ്യാർത്ഥികൾക്ക് നോയിഡയിലെ 100എക്സ് സ്കൂളിൽ രണ്ട് മാസം താമസിച്ച് നേരിട്ട് പരിശീലനം നേടാം. കൂടാതെ ഓരോ സെമസ്റ്ററിലും 100 എക്‌സിലെ വിദഗ്ധരായ അധ്യാപകർ മിറ്റ്‌സ് ക്യാമ്പസിലെത്തി കുട്ടികൾക്ക് നേരിട്ട് മെന്ററിംഗ് നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെബ് 3.0, ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യം നേടുന്നതിനൊപ്പം ഗൂഗിൾ സമ്മർ ഓഫ് കോഡ്, കോഡിങ് ഒളിമ്പ്യാഡുകൾ തുടങ്ങിയ ആഗോള കോഡിങ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പ്രത്യേക പരിശീലനവും വിദ്യാർത്ഥികൾക്ക് ലഭിക്കും. വിദ്യാർത്ഥികളുടെ നൈപുണ്യവും യോഗ്യതയും വർധിപ്പിച്ചുകൊണ്ട് മികച്ച പാക്കേജിൽ ജോലി നേടാനും ഇത് സഹായിക്കുന്നു. രണ്ട് വിഭാഗങ്ങളിലായാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്:
കാറ്റഗറി 1: ജെ.ഇ.ഇ 92 പേഴ്സന്റൈലിന് മുകളിലോ കീം പരീക്ഷയിൽ 2500-ൽ താഴെ റാങ്കോ ഉള്ളവർ.
കാറ്റഗറി 2: ജെ.ഇ.ഇ 85 പേഴ്സന്റൈലിന് മുകളിലോ കീം പരീക്ഷയിൽ 5000-ൽ താഴെ റാങ്കോ ഉള്ളവർ.
‘മിറ്റ്സ് എലിവേറ്റ് @ 100എക്സ്’ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സ്‌കോളർഷിപ്പും മുത്തൂറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
നാലാം വർഷം പൂർണ്ണമായും ഇന്റേൺഷിപ്പിനും പ്ലേസ്‌മെന്റ് തയ്യാറെടുപ്പുകൾക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. ഉന്നത പഠനത്തിനായി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന രീതിക്ക് ഇതോടെ മാറ്റമാകുമെന്നും കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ മിറ്റ്‌സ് പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കുകയാണെന്നും മിറ്റ്സ് കൊച്ചി പ്രിൻസിപ്പൽ ഡോ.നീലകണ്ഠൻ.പി.സി. പറഞ്ഞു.
