വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ സര്‍ക്കാര്‍. നിയമഭേദഗതിയും ചട്ടഭേദഗതിയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയമാകും അവതരിപ്പിക്കുക. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാകും പ്രമേയം അവതരിപ്പിക്കുക. രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ നിയമനിര്‍മാണമായിരുന്നു വിദേശ സംഭാവന നിയന്ത്രണ ഭേദഗതി. ഭേദഗതി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയമാണ് നാളെ സഭയിലെത്തുക. ഇതിലൂടെ നിയമഭേദഗതിയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉള്‍പ്പെടെയുണ്ടായ ആശങ്കകളെ സഭയില്‍ പ്രതിഫലിപ്പിക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
അതിനിടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സംബന്ധിച്ച വിവാദത്തിനിടെ ധനബില്ല് നാളെ നിയമസഭ പാസാക്കാനിരിക്കുകയാണ്. മദ്യത്തിന്റെ നികുതി കുറച്ച പ്രഖ്യാപനം ഉള്‍പ്പെടുത്തി കൊണ്ടുളള ധനബില്ലാണ് സഭയില്‍ അവതരിപ്പിക്കുന്നത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നികുതി പരിഷ്‌കാരം നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയത്തിന് വിധേയമായിട്ടേ നടപ്പാക്കൂവെന്ന വ്യവസ്ഥ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ല് പാസാകുന്നതോടെ നികുതിയിളവ് പ്രബല്യത്തിലാകുമെന്ന വിമര്‍ശനത്തെ പ്രതിരോധിക്കുന്നതിനാണ് ഈ നടപടി. സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് മാറ്റിക്കൊണ്ടുളള കേന്ദ്രബില്ലും നാളെ സഭ പരിഗണിക്കും. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച പ്രത്യേക പ്രസ്താവനയും അജണ്ടയിലുണ്ട്. അജണ്ടകള്‍ പൂര്‍ത്തിയാക്കി പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം നാളെ സമാപിക്കും.
