World

‘ഹോർമുസ് തുറന്നുനൽകില്ല, ഉപരോധം തുടരും’; അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രഖ്യാപനം തള്ളി ഇറാൻ. ഹോർമുസ് വിട്ടുനൽകില്ലെന്നും ഉപരോധം തുടരുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി. അമേരിക്കയുമായുള്ള ധാരണപത്രത്തിന്റെ സമയപരിധി നീട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. തെക്കൻ ലെബനോണിൽ ഇസ്രയേൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു.

ഹോർമുസ് കടലിടുക്കിനെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിലുള്ള വാക്‌പോര് കടുക്കുകയാണ്. ഹോർമുസ് അമേരിക്കയുടെ ഭൂപ്രദേശമാക്കി മാറ്റുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇറാൻ തള്ളി. ഹോർമുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിൽ തുടരുമെന്നും അമേരിക്ക തോൽവി അംഗീകരിക്കുന്നതുവരെ ഹോർമുസിൽ ഉപരോധം തുടരുമെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു. അതേസമയം ഇന്ന് അവസാനിക്കാനിരുന്ന അമേരിക്ക -ഇറാൻ ധാരണാപത്രത്തിന്റെ സമയപരിധി നീട്ടാനാവില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.

ഹോർമുസിലെ പുതിയ ജലപാതയുടെ കാര്യത്തിൽ ഇറാൻ- ഒമാൻ ചർച്ചകൾ തുടരുകയാണെന്നും അരഗ്ചി പറഞ്ഞു. അമേരിക്ക നാവിക ഉപരോധം അവസാനിപ്പിക്കുകയും ഇറാന്റെ ആസ്തികൾ വിട്ടു നൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും അരഗ്ചി വ്യക്തമാക്കി. അതിനിടെ, തെക്കൻ ലെബനോണിൽ ഇസ്രായേലി ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. തുർക്കി- പാകിസ്ഥാൻ- സൗദി പ്രതിരോധ കൂട്ടായ്മയിൽ ഈജിപ്തും പങ്കാളിയാകുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ വ്യക്തമാക്കി.