KeralaPoliticsTrending News

യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ചിനിടെ സംഘർഷം; ഹോസ്റ്റലിൽ നിന്ന് കല്ലേറും കുപ്പിയേറും, തലസ്ഥാനം സംഘർഷഭരിതം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിന് മുന്നോടിയായി കേരള സർവകലാശാല ഹോസ്റ്റലിന് സമീപം സംഘർഷാവസ്ഥ. മാർച്ചിനായി പ്രവർത്തകർ ഒത്തുകൂടുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞതായി ആരോപണം. ആക്രമണത്തിൽ പ്രകോപിതരായ പ്രവർത്തകർ മാർച്ചിനായി തയ്യാറാക്കിയിരുന്ന പന്തങ്ങൾ ഹോസ്റ്റലിന് നേരെ വലിച്ചെറിഞ്ഞു. പ്രവർത്തകർ എറിഞ്ഞ പന്തങ്ങളിൽ ചിലത് ഹോസ്റ്റൽ വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലും ജനലുകളിലും പതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.

ഷാഫി പറമ്പിൽ എംപിയും മന്ത്രി ഒ.ജെ. ജനീഷും എത്തി നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കല്ലേറുണ്ടായത്. സംഘർഷസാധ്യത കണക്കിലെടുത്ത് മാർച്ചിന്റെ റൂട്ട് പാളയം പള്ളി വഴിയിലേക്ക് മാറ്റി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും മന്ത്രിമാരുടെ വാഹനങ്ങൾക്ക് നേരെയുണ്ടാകുന്ന കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെയുമാണ് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.