KeralaTrending News

ഗതാഗത നിയമലംഘനങ്ങൾക്ക് രാഷ്ട്രീയ ശുപാർശ വേണ്ട; ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി

കൊച്ചി: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ സംരക്ഷിക്കാൻ രാഷ്ട്രീയ ശുപാർശയുമായി ആരെത്തിയാലും ഉദ്യോഗസ്ഥർ വഴങ്ങരുതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത വകുപ്പിന്റെ റോഡ് സുരക്ഷാ പദ്ധതിയായ ജീവ സുയാത്ര മിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കേണ്ടത് ഗതാഗത വകുപ്പിന്റെയോ പൊലീസിന്റെയോ മാത്രം ഉത്തരവാദിത്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമങ്ങൾ പാലിക്കുന്നതും മറ്റുള്ളവരുടെ ജീവന് വില നൽകുന്നതും പൊതുജീവിതത്തിന്റെ ഭാഗമാകണം. നിയമലംഘനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നതിനൊപ്പം റോഡുകളുടെ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിശോധനകളും നടപടികളും അടുത്ത ആറുമാസം ശക്തമാക്കിയാൽ ഒരു വർഷത്തിനുള്ളിൽ മികച്ച റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി, ഡ്രൈവിങ്ങിലെ പഴയ ശീലങ്ങൾ തിരുത്തുന്നതിന്റെ ഭാഗമായി ഇപ്പോൾ സ്വയം വാഹനം ഓടിക്കുന്നത് ഒഴിവാക്കിയതായി പറഞ്ഞു. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. പൊതുവഴികൾ റേസിങ്ങിനുള്ളതല്ലെന്നും ബസുകളുടെ മത്സരയോട്ടം തടയാൻ ട്രിപ്പ് സമയം ക്രമീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2030ഓടെ റോഡപകട മരണങ്ങളും പരിക്കുകളും പകുതിയായി കുറയ്ക്കുകയാണ് ജീവ സുയാത്ര മിഷന്റെ ലക്ഷ്യം. സുരക്ഷിത റോഡുകൾ, പെരുമാറ്റം, വേഗം, വാഹനങ്ങൾ, അപകടാനന്തര പ്രതികരണം എന്നിവയ്ക്കാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്.