KeralaTrending News

ചേരാനല്ലൂർ വാഹനാപകടം; 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് പരാതി

കൊച്ചി: ചേരാനല്ലൂരിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ പിതാവിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുഭാഷ് തീക്കാടനാണ് ചേരാനല്ലൂർ പൊലീസിൽ പരാതി നൽകിയത്. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ഉടമയും ജഡ്ജിയാണെന്നാണ് റിപ്പോർട്ട്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

പ്രായപൂർത്തിയാകാത്തവർ നടത്തുന്ന നിയമലംഘനങ്ങളിൽ നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ ക്രിമിനൽ ഉത്തരവാദിത്തമുണ്ടാകുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന വ്യവസ്ഥയാണിതെന്നും പരാതിയിൽ പറയുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കണമെന്നും പ്രായപൂർത്തിയാകാത്ത പ്രതിക്ക് 25 വയസ് പൂർത്തിയാകുന്നതുവരെ ഡ്രൈവിങ് ലൈസൻസോ ലേണേഴ്സ് ലൈസൻസോ അനുവദിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തയാൾക്കെതിരായ നടപടികൾക്ക് പുറമേ രക്ഷിതാവിന്റെ നിയമപരമായ ഉത്തരവാദിത്തവും സ്വതന്ത്രമായി അന്വേഷിക്കണമെന്ന കേരള ഹൈക്കോടതിയുടെ മുൻവിധിയും പരാതിയിൽ പരാമർശിക്കുന്നു. അതേസമയം, അപകടത്തിന് പിന്നാലെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച 17കാരനെ പ്രതിഷേധത്തെ തുടർന്ന് വീണ്ടും കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചു.