സൗദി വിമാന സർവീസുകൾ റദ്ദാക്കിയത് നീട്ടി എയർ ഇന്ത്യയും അകാസ എയറും
റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ കാലാവധി നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. റിയാദ്, ദമാം സർവീസുകൾ നവംബർ ഏഴ് വരെയും ജിദ്ദ സർവീസുകൾ ഒക്ടോബർ 31 വരെയുമാണ് നീട്ടിയത്. സൗദിയിലെ നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് തീരുമാനം. യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാനോ യാത്രാ തീയതി മാറ്റാനോ അവസരമുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു.
അതേസമയം, ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ അകാസ എയറും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് കമ്പനി വ്യക്തമാക്കി. അകാസ എയറിന്റെ ജിദ്ദ സർവീസുകൾ നവംബർ 10 വരെയും റിയാദ് സർവീസുകൾ നവംബർ 30 വരെയും ഉണ്ടായിരിക്കില്ല. സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനുള്ളിൽ തുക മടക്കി നൽകും.
അധിക നിരക്ക് ഈടാക്കാതെ യാത്രാ തീയതി മാറ്റാനും യാത്രക്കാർക്ക് അവസരമുണ്ട്. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ബന്ധപ്പെട്ട ഏജൻസികളെ സമീപിക്കണമെന്ന് അകാസ എയർ അറിയിച്ചു.
