ബന്ധു നിയമന വിവാദം; സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് രാജിവച്ചു
തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫായി നിയമിച്ച അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി. സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് നടപടി.
സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്. ബന്ധുനിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു വിമർശനം ഉയർന്നത്.
എന്നാൽ വിമർശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. ബെന്നിയെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ല. അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ പ്രതികരിച്ചത്. തുടർന്നാണ് ബെന്നി രാജി സമർപ്പിച്ചത്.
