ചൊവ്വയുടെ ഉപഗ്രഹത്തിലെ രഹസ്യങ്ങൾ തേടി ജപ്പാന്റെ എംഎംഎക്സ് ദൗത്യം; സാമ്പിളുകൾ 2031ൽ ഭൂമിയിലെത്തിക്കും
ടോക്കിയോ: ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ രഹസ്യങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സ (JAXA) മാഴ്സ് മൂൺസ് എക്സ്പ്ലൊറേഷൻ (എംഎംഎക്സ്) പേടകം വിക്ഷേപിച്ചു. ഫോബോസിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലെത്തിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. വിജയകരമായാൽ ചൊവ്വയുടെ ഉപഗ്രഹത്തിൽനിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന ആദ്യ ദൗത്യമായി ഇത് മാറും.
തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ഇന്നലെ പുലർച്ചെയാണ് എച്ച്-3 വിക്ഷേപണ വാഹനം പേടകവുമായി കുതിച്ചുയർന്നത്. ഏകദേശം അഞ്ച് വർഷം നീളുന്ന ദൗത്യം ജാക്സയുടെ ആദ്യ ചൊവ്വാ റൗണ്ട് ട്രിപ്പ് കൂടിയാണ്. ശേഖരിക്കുന്ന സാമ്പിളുകൾ 2031ൽ ഭൂമിയിലെത്തിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ഏകദേശം 4,500 കിലോഗ്രാം ഭാരമുള്ള പേടകത്തെ 2027 ഓഗസ്റ്റിൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാനാണ് പദ്ധതി. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുന്നതിനു പകരം ഫോബോസ്, ഡീമോസ് എന്നീ ഉപഗ്രഹങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പഠനം നടത്തുക. ഇതിൽ ഫോബോസിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ജർമനിയും ഫ്രാൻസും ചേർന്ന് വികസിപ്പിച്ച റോവറിനെ ഫോബോസിൽ ഇറക്കി പഠനം നടത്തും. ഉപരിതലത്തിന് രണ്ട് സെന്റിമീറ്റർ താഴെയുള്ള ഭാഗത്തുനിന്ന് പത്തുഗ്രാം റീഗോലിത് ശേഖരിക്കുകയാണ് ലക്ഷ്യം. പാറക്കഷ്ണങ്ങൾ, മണൽ, പൊടിപടലങ്ങൾ എന്നിവ അടങ്ങിയ വസ്തുക്കൾ പരിശോധിക്കുന്നതിലൂടെ ഉപഗ്രഹത്തിന്റെ രൂപീകരണത്തെക്കുറിച്ചും ചൊവ്വയുടെ ചരിത്രത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
