KeralaTrending News

പിണറായി സർക്കാരിന്റെ കാലത്തെ കിഫ്ബി കടമെടുപ്പ്: പ്രതിസന്ധിയുണ്ടാകുമെന്ന് ധനവകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകി; രേഖകൾ പുറത്ത്

തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനവകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. 2021 ഒക്ടോബർ 25ന് അന്നത്തെ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രകുമാർ അഗർവാൾ നൽകിയ കുറിപ്പിലാണ് കടമെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ രേഖപ്പെടുത്തിയിരുന്നത്. കിഫ്ബി വഴി വലിയ തോതിൽ വായ്പയെടുക്കുന്നത് വിവേകപൂർവമായ തീരുമാനമല്ലെന്നായിരുന്നു കുറിപ്പിലെ പ്രധാന നിരീക്ഷണം. കടമെടുപ്പ് തുടർന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകുമെന്നും ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമായ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിലും കിഫ്ബിയുടെ കടമെടുപ്പ് സാമ്പത്തിക സമ്മർദം സൃഷ്ടിക്കുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കിഫ്ബിയുടെ കടമെടുപ്പ് സംബന്ധിച്ച് മുൻ സർക്കാരിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തമാക്കുന്നതാണ് പുറത്തുവന്ന രേഖകൾ. കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകളെ ബാധിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിട്ടും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് തള്ളിയെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനവകുപ്പിന്റെ നിലപാട് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. കിഫ്ബിയുടെ കടമെടുപ്പ് മാത്രമല്ല, ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. സുധാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കിഫ്ബിയുടെ പ്രവർത്തനരീതിയും സാമ്പത്തിക ബാധ്യതകളും വീണ്ടും ചർച്ചയാകുകയാണ്.

കിഫ്ബിയുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ നയപരമായ തീരുമാനം കൈക്കൊള്ളണമെന്നും ചെലവുകൾ നിയന്ത്രിക്കണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. മുൻ സർക്കാരിന്റെ കാലത്ത് ഉയർന്ന ഈ ആശങ്കകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കിയിരിക്കുകയാണ്.