പി.കെ ഡീവര്‍ സ്മാരക പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു
കൊച്ചി: കേരള ചരിത്രത്തിലെ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങളില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് പി.കെ ഡീവര്‍ എന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. സ്വാതന്ത്ര്യസമര സേനാനിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന പി.കെ ഡീവറിന്റെ സ്മരണാര്‍ഥം പി.കെ ഡീവര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പി.കെ ഡീവര്‍ സ്മാരക പുരസ്‌കാര വിതരണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അധ്യാപകനായിരുന്ന പി.കെ ഡീവര്‍ അത് ഉപേക്ഷിച്ചാണ് സാമൂഹിക മുന്നേറ്റങ്ങള്‍ ലക്ഷ്യം വെച്ചിറങ്ങിയത്. തന്റെ ചുറ്റുപാടില്‍ നടന്നിരുന്ന അനാചാരങ്ങളിലും അനീതികളിലും പ്രതികരിച്ചാണ് അദ്ദേഹം മുന്നേറിയത്. ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത തരത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹിക സാമ്പത്തിക ഉയര്‍ച്ചക്ക് വേണ്ടി വളരെ മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നുവെന്നും വി.എം സുധീരന്‍ അനുസ്മരിച്ചു.
ഡീവര്‍ സ്മാരക പുരസ്‌കാരക്കാരത്തിന് അര്‍ഹനായ രമേശ് ചെന്നിത്തലയും ചെറു പ്രായം മുതല്‍ തന്നെ പൊതുജന സേവനത്തിന് പ്രാധാന്യം നല്‍കുകയും ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പല സന്ദര്‍ഭങ്ങളിലും ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ വരുമ്പോഴാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഓപ്പറേഷന്‍ കുബേര അടക്കമുള്ളവ നടപ്പിലാക്കി ക്രമസമാധാനം നിലനിര്‍ത്താന്‍ രമേശ് ചെന്നിത്തലക്ക് കഴിഞ്ഞിരുന്നുവെന്നതിന്റെ പ്രാധാന്യം വര്‍ധിക്കുന്നതെന്നും വി.എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സ്വന്തമായ ഒരിടം കണ്ടെത്തിയ മഹാനായിരുന്നു പി.കെ ഡീവര്‍ എന്ന് പുരസ്‌ക്കാര ജേതാവ് രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പത്ര പ്രവര്‍ത്തനം ഉള്‍പ്പെടെ എല്ലാ മേഖലകളിലും കൈവെച്ച അദ്ദേഹം അധസ്ഥിത പിന്നോക്കരായ ജനവിഭാഗത്തിന്റെ സാമൂഹിക ഉന്നമനത്തിനായി ധീരമായ പോരാട്ടം നടത്തിയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വി.എം സുധീരന്‍ പി.കെ ഡീവര്‍ സ്മാരക പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. സമിതി ചെയര്‍മാന്‍ ടി.കെ രമേശന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എ. ജയശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എംഎല്‍എമാരായ കെ. ബാബു, അന്‍വര്‍ സാദത്ത്, മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ല യുഡിഎഫ് കണ്‍വീനര്‍ ഡൊമിനിക് പ്രസന്റേഷന്‍, അഡ്വ. ജയകൃഷ്ണന്‍, സമിതി വൈസ് പ്രസിഡന്റ് വാമലോചനന്‍, പി.കെ ഡീവറുടെ മരുമകന്‍ ഡോ. സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.
