World

ഇസ്രയേൽ തിരഞ്ഞെടുപ്പ്: നെതന്യാഹു സഖ്യത്തിന് 53 സീറ്റ് മാത്രം; സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ

ജറുസലം: ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അന്തിമഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ഔദ്യോഗികമായി പുറത്തുവിട്ടു. 120 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഇതോടെ രാജ്യത്ത് പുതിയ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി. പ്രതിപക്ഷ സഖ്യത്തിന് മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ യാഷർ പാർട്ടിയാണ് നേതൃത്വം നൽകുന്നത്. സഖ്യത്തിന് 48 സീറ്റുകൾ ലഭിച്ചു. അറബ് പാർട്ടികളായ ജോയിന്റ് ലിസ്റ്റും റാം പാർട്ടിയും ചേർന്ന് 19 സീറ്റുകൾ നേടി. ഇതോടെ സർക്കാർ രൂപീകരണത്തിൽ അറബ് പാർട്ടികളുടെ നിലപാട് നിർണായകമാകുന്ന സാഹചര്യമാണ്.

പാർട്ടികളുടെ കക്ഷിനില പരിശോധിക്കുമ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് 27 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി. യാഷർ 21 സീറ്റുകളും ബിയാചദ് 12 സീറ്റുകളും ജോയിന്റ് ലിസ്റ്റ് 11 സീറ്റുകളും നേടി. ഡെമോക്രാറ്റ്‌സിനും റാം പാർട്ടിക്കും എട്ട് സീറ്റുകൾ വീതം ലഭിച്ചു. ഇസ്രയേൽ ബെയ്തനു, യുണൈറ്റഡ് തോറ ജൂതയിസം, ഓട്സ്മ യെഹൂദി പാർട്ടികൾ ഏഴ് സീറ്റുകൾ വീതം നേടി. ഷാസും റിലീജിയസ് സിയോണിസവും ആറ് സീറ്റുകൾ വീതം സ്വന്തമാക്കി. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ സജീവമാകും. ഏത് നേതാവിനാണ് സർക്കാർ രൂപീകരിക്കാൻ കൂടുതൽ സാധ്യതയെന്ന് വിലയിരുത്തിയാകും പ്രസിഡന്റ് ഐസക് ഹെർസോഗ് അദ്ദേഹത്തെ ക്ഷണിക്കുക. സർക്കാർ രൂപീകരിക്കാൻ ആദ്യ അവസരം ലഭിക്കുന്ന നേതാവിന് ഭൂരിപക്ഷം തെളിയിക്കാൻ നിശ്ചിത സമയവും അനുവദിക്കും. അതിൽ പരാജയപ്പെട്ടാൽ മറ്റൊരു നേതാവിന് അവസരം നൽകും. ഈ നീക്കങ്ങളും വിജയിച്ചില്ലെങ്കിൽ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവരും.

പുതിയ പാർലമെന്റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, വീണ്ടും തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ രാഷ്ട്രീയ കക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് പ്രസിഡന്റ് ഹെർസോഗ് അഭ്യർഥിച്ചു.