വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: തന്റെ പേരിലുള്ള മൊഴി വ്യാജമെന്ന് വനിതാ എസ്ഐ; പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി
കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി വ്യാജമാണെന്ന് വനിതാ എസ്ഐ ദീപ്തി. സംഭവദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കണ്ണൂർ ടൗൺ മുൻ എസ്ഐ ദീപ്തി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ അന്വേഷണ സംഘം തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നും അവർ അറിയിച്ചതായാണ് വിവരം. ബഹളമുണ്ടായപ്പോൾ മന്ത്രിയെ എത്രയും വേഗം സ്ഥലത്തുനിന്ന് മാറ്റാനാണ് ശ്രമിച്ചതെന്നും ഇതിനിടെ കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ദീപ്തി മൊഴി നൽകിയതായാണ് റിപ്പോർട്ട്. പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്റെ പേരിൽ ആദ്യ അന്വേഷണ സംഘം വ്യാജമൊഴി രേഖപ്പെടുത്തിയെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു കേസിനാസ്പദമായ സംഭവം. മന്ത്രിയുടെ ഗൺമാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് ജയിലിലടച്ചിരുന്നു. എന്നാൽ, പ്രതിഷേധക്കാർ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന ആദ്യ മൊഴി ഗൺമാൻ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ തിരുത്തിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണശ്രമം കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് അത്തരത്തിൽ മൊഴി നൽകിയതെന്നുമാണ് ഗൺമാൻ വ്യക്തമാക്കിയതെന്നാണ് വിവരം. കേസിൽ പ്രതികളായ കെഎസ്യു പ്രവർത്തകരായ സി.എച്ച്. മുബാസ്, എം.സി. അതുൽ, വിതുൽ ബാലകൃഷ്ണൻ, മുഹമ്മദ് യാസീൻ, അക്ഷയ് മാടായി എന്നിവർ ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകി.
ആരോഗ്യരംഗത്തെ അവസ്ഥയിൽ പ്രതിഷേധിച്ച് മന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വധശ്രമക്കേസ് ചുമത്തുകയായിരുന്നുവെന്നുമാണ് ഇവരുടെ വാദം.
