മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് അന്വേഷണം; നിർമാണത്തിലെ ക്രമക്കേടുകൾ പരിശോധിക്കും
കൊച്ചി: മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ അപാകതകളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിറക്കി. 17 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ചയം 2023 ഒക്ടോബറിലാണ് ഉദ്ഘാടനം ചെയ്തത്. താമസം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകൽ, ഭിത്തികളിലൂടെ വെള്ളം ചോർന്നിറങ്ങൽ തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി പരാതിയുണ്ട്. ഇതോടെ ഫ്ലാറ്റുകൾ താമസയോഗ്യമല്ലാത്ത അവസ്ഥയിലായെന്നാണ് ആരോപണം.
നിർമാണ ചുമതല തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരുടെയും ജിസിഡിഎ എൻജിനീയറിംഗ് വിഭാഗത്തിന്റെയും ഭാഗത്ത് ഗുരുതര വീഴ്ചകളുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ജി.സി.ഡി.എ സൂപ്രണ്ടിംഗ് എൻജിനീയർ ജെബി ജോൺ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ ഷാജി, ഡേവിസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ ആതിര, ജയശ്രീ, കരാറുകാരായ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി സിന്ധു സുഭാഷ് എന്നിവരാണ് അന്വേഷണ പരിധിയിലുള്ളത്. ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകൾക്കും വീഴ്ചകൾക്കും ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനൊപ്പം നിർമാണവുമായി ബന്ധപ്പെട്ട നടപടികളും വിജിലൻസ് പരിശോധിക്കും.
