690 കിലോമീറ്റർ റേഞ്ചുമായി റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക് ഇന്ത്യയിലേക്ക്
ഇന്ത്യൻ ആഡംബര എസ്‌യുവി വിപണിയിൽ പുതിയ ഇലക്ട്രിക് മോഡലുമായി ലാൻഡ് റോവർ. റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക്കിന്റെ ബുക്കിങ് രാജ്യത്ത് ആരംഭിച്ചു. നിലവിൽ വിൽപ്പനയിലുള്ള റേഞ്ച് റോവർ സ്പോർട്ടിന്റെ പെട്രോൾ, ഡീസൽ, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കൊപ്പമാണ് ഇലക്ട്രിക് പതിപ്പും എത്തുന്നത്. ഒറ്റ ചാർജിൽ 690 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. 118.5kWh ശേഷിയുള്ള ബാറ്ററിയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. രണ്ട് 260kW ഇലക്ട്രിക് മോട്ടോറുകളാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഇവ സംയോജിച്ച് 550bhp പവറും 850Nm ടോർക്കും ഉൽപ്പാദിപ്പിക്കും. റേഞ്ച് റോവർ സ്പോർട്ട് ശ്രേണിയിലെ ഏറ്റവും ഉയർന്ന ടോർക്ക് ഔട്ട്പുട്ടാണിതെന്നും കമ്പനി പറയുന്നു. പ്രകടനത്തിലും വാഹനം ശ്രദ്ധേയമാണ്. ഡൈനാമിക് ലോഞ്ച് മോഡ് ആക്ടിവേറ്റ് ചെയ്താൽ 0ൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കൻഡ് മാത്രം മതിയാകും.
800V ഇലക്ട്രിക്കൽ ആർക്കിടെക്ചറാണ് റേഞ്ച് റോവർ സ്പോർട്ട് ഇലക്ട്രിക്കിന്റെ മറ്റൊരു പ്രത്യേകത. ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനത്തിലൂടെ 10 മിനിറ്റിൽ 220 കിലോമീറ്റർ വരെ അധിക റേഞ്ച് നേടാം. 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ റാപ്പിഡ് ചാർജർ ഉപയോഗിച്ച് ഏകദേശം 22 മിനിറ്റ് മതിയാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഇലക്ട്രിക് പവർട്രെയിനിന്റെ സവിശേഷതകൾക്ക് അനുസരിച്ച് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഷാസിയാണ് വാഹനത്തിലുള്ളത്. ഡൈനാമിക് എയർ സസ്പെൻഷൻ, ട്വിൻ വാൽവ് ഡാംപറുകൾ, അഡാപ്റ്റീവ് ഡൈനാമിക്സ്, ഇലക്ട്രോണിക് ആക്റ്റീവ് റോൾ കൺട്രോൾ, ഓൾ-വീൽ സ്റ്റിയറിങ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാറ്ററിയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി ‘ബാറ്ററി ഡിജിറ്റൽ ട്വിൻ’ സാങ്കേതികവിദ്യയും റേഞ്ച് റോവർ ഒരുക്കിയിട്ടുണ്ട്. ബാറ്ററിയുടെ അവസ്ഥ നിരീക്ഷിക്കുന്നതിനൊപ്പം ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെ ആവശ്യമായ സേവനങ്ങൾ നൽകാനും ഈ സംവിധാനം സഹായിക്കും. ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വരെ വാറന്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ വിപണിയിലെത്തുന്നതോടെ റേഞ്ച് റോവർ സ്പോർട്ട് ശ്രേണിയിൽ ഇലക്ട്രിക് വാഹനത്തിനും പ്രത്യേക സ്ഥാനം ലഭിക്കും.
