Technology

അവസാന പ്രതീക്ഷയായ ആന്റിബയോട്ടിക്കുകളെയും ചെറുക്കുന്ന ബാക്ടീരിയ; ഗുരുതര മുന്നറിയിപ്പുമായി ശാസ്ത്രലോകം

യുകെ: ജീവനു ഭീഷണിയാകുന്ന അതിഗുരുതരമായ അ​ണു​ബാ​ധ​ക​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന സൂ​പ്പ​ർ​ബ​ഗ് (Superbug)! ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ അ​വ​സാ​ന​ത്തെ ആ​ശ്ര​യ​മാ​യ ആന്‍റി​ബ​യോ​ട്ടി​ക്കു​ക​ളെ​യും അ​തി​ജീ​വി​ക്കാ​നുള്ള ശേഷിയിലേക്കെത്തി! ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​ണ് ​ഞെ​ട്ടി​ക്കു​ന്ന ക​ണ്ടെ​ത്ത​ലിനു പിന്നിൽ.

മറ്റു മ​രു​ന്നു​ക​ളൊ​ന്നും ഫ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ളി​സ്റ്റി​ൻ എ​ന്ന അ​തീ​വ ശേ​ഷി​യു​ള്ള ആ​ന്‍റി​ബ​യോ​ട്ടി​ക് ആ​ണ് ഈ ​സൂ​പ്പ​ർ​ബ​ഗിനു (ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള മാരക ബാക്ടീരിയകൾ) മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. അന്താരാഷ്‌ട്ര ശാസ്ത്രമാസികയിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രി​ൽ ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന സ്യൂ​ഡോ​മോ​ണ​സ് (Pseudomonas) എ​ന്ന ബാ​ക്ടീ​രി​യ​യെയാണ് ഓ​ക്‌​സ്‌​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ലയിലെ ഗവേഷകസം​ഘം പ​ഠ​നവിധേയമാക്കിയത്. ഈ ​ബാ​ക്ടീ​രി​യ​യെ കൊ​ളി​സ്റ്റി​ൻ എ​ന്ന ആന്‍റി​ബ​യോ​ട്ടി​ക്കി​നു വി​ധേ​യ​മാ​ക്കി നിരീക്ഷിക്കുകയായിരുന്നു.

പ്രധാനപ്പെട്ട മ​രു​ന്നു​ക​ളോ​ടു പ്ര​തി​രോ​ധിക്കുന്ന അ​ണു​ബാ​ധ​ക​ൾ ചി​കി​ത്സി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ അ​വ​സാ​ന ആ​ശ്ര​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണ് കൊ​ളി​സ്റ്റി​ൻ. ചിലപ്പോൾ, ഈ മരുന്നുപയോഗിക്കുന്പോൾ പാർശ്വഫലങ്ങളും സംഭവിക്കാറുണ്ട്.

അ​തി​വേ​ഗം ജനിതകമാറ്റം
ബാ​ക്ടീ​രി​യ​ക​ളി​ൽ കൊ​ളി​സ്റ്റി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​ത്തി​നു കാ​ര​ണ​മാ​കു​ന്ന, pmrB എ​ന്നൊ​രു ജീ​നു​ണ്ട്. ഈ ​ജീ​ൻ അ​സാ​ധാ​ര​ണ​മാം​വി​ധം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ജനിതകമാറ്റം പ്രാ​പി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ശാ​സ്ത്ര​ജ്ഞ​ർ മു​ൻ​പ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ​ജനിതകമാറ്റം ബാ​ക്ടീ​രി​യ​ക​ളെ സ​ഹാ​യി​ക്കു​ന്നു. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ആ​ന്‍റി​ബ​യോ​ട്ടി​ക്കി​നെ​തിരേ ബാ​ക്ടീ​രി​യ​ക​ൾ എ​ത്ര വേ​ഗ​ത്തി​ലാ​ണ് പ്ര​തി​രോ​ധ​ശേ​ഷി നേ​ടു​ന്ന​ത് എ​ന്നാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നത്. രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ൽ കൊ​ളി​സ്റ്റി​ൻ ചി​ല​പ്പോ​ൾ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും പഠനം വ്യ​ക്ത​മാ​ക്കു​ന്നതായി ഗവേഷകസംഘം അഭിപ്രായപ്പെട്ടു.

അ​വ​സാ​ന ആ​ശ്ര​യ​മാ​യ മരുന്നിനെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ, അ​വി​ശ്വ​സ​നീ​യ​മാം​വി​ധം ജനിതമാറ്റം സംഭവിക്കുന്നതായി പ​ഠ​നം തെ​ളി​യി​ച്ചു. ഇ​താ​ണ് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളെ അ​തി​വേ​ഗം പ്ര​തി​രോ​ധി​ക്കാ​ൻ ബാക്ടീരിയകളെ പ്രാ​പ്ത​രാ​ക്കു​ന്ന​തെന്ന് ഗവേഷകർ വിശദീകരിച്ചു.

എങ്കിലും പ്ര​തീ​ക്ഷ
ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഒ​രു ക​ണ്ടെ​ത്ത​ൽ കൂ​ടി​യു​ണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. കൊ​ളി​സ്റ്റി​ൻ എ​ന്ന ആന്‍റി​ബ​യോ​ട്ടി​ക്കിന്‍റെ സാ​ന്നി​ധ്യം ഇ​ല്ലാ​താ​കു​ന്ന സ​മ​യ​ത്ത്, ബാ​ക്ടീ​രി​യ​ക​ൾക്കു ​പ്ര​തി​രോ​ധ​ശേ​ഷി ആർജിക്കാൻ കഴിയുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ഈ ​വി​വ​രം ഡോ​ക്ട​ർ​മാ​ർ​ക്കു വ​ള​രെ നിർണായകമാണ്. ആ​ശു​പ​ത്രി​ക​ളി​ൽ കൊ​ളി​സ്റ്റി​ൻ എ​പ്പോ​ൾ, എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം എ​ന്നു കൃ​ത്യ​മാ​യി തീ​രു​മാ​നി​ക്കാ​ൻ പുതിയ ​ക​ണ്ടെ​ത്ത​ൽ സ​ഹാ​യകമാകും.

ആന്‍റി​ബ​യോ​ട്ടി​ക് പ്ര​തി​രോ​ധ​മു​ള്ള അ​ണു​ബാ​ധ​ക​ൾ കാ​ര​ണം ലോ​ക​മെ​മ്പാ​ടും പ്ര​തി​വ​ർ​ഷം പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണു മ​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അവസാന ആശ്രയമായി ഉപയോഗിക്കുന്ന ചുരുക്കം ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ മാ​ത്രമാണുള്ളത്. അതുകൊണ്ട്, പു​തി​യ ചി​കി​ത്സാപദ്ധതികൾ വി​ക​സി​പ്പി​ക്കേ​ണ്ട​ത് ആരോഗ്യമേഖലയിലെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​മാ​യി മാ​റി​യി​രി​ക്കുന്നു.