വൈദ്യുതി നിയന്ത്രണം തുടരും; പ്രതിസന്ധി രൂക്ഷം, കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടി: മന്ത്രി സണ്ണി ജോസഫ്
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും കേരളത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു. ഒറ്റയടിക്ക് പരിഹരിക്കാവുന്ന പ്രതിസന്ധിയല്ല നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിക്കുകയും ഉൽപ്പാദനം കുറയുകയും ചെയ്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകതയിൽ 1000 മെഗാവാട്ടിന്റെ വർധനയുണ്ടായിട്ടുണ്ട്. ഡിമാൻഡ് ഉയർന്നപ്പോൾ സപ്ലൈ കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ വൈദ്യുതി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കും. രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഒന്നിലധികം തവണ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാം. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. രാത്രിയിലെ വൈദ്യുതി നിയന്ത്രണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളം നിലവിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം വലിയ വൈദ്യുതി ഉൽപ്പാദന പദ്ധതികൾ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. സോളാർ വൈദ്യുതി പകൽ സമയത്ത് ഉൽപ്പാദിപ്പിച്ച് രാത്രികാല ഉപയോഗത്തിനായി സംഭരിക്കുന്നതിനുള്ള പദ്ധതികൾ വ്യാപകമാക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
4.29 രൂപ നിരക്കിൽ 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാർ നേരത്തെ ഉണ്ടായിരുന്നെങ്കിലും അത് റദ്ദാക്കിയിരുന്നു. കരാർ പുനഃസ്ഥാപിക്കുന്നതിനായി കേസ് നടക്കുകയാണ്. സുപ്രീം കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിനുവേണ്ടി കപിൽ സിബലാണ് കേസ് വാദിക്കുന്നത്. നിശ്ചിത നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ കഴിയുമെങ്കിൽ അത് വാങ്ങുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയിലെ മുൻകാല തീരുമാനങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. മുൻ വൈദ്യുതി മന്ത്രി എം.എം. മണിയുടെ കാലത്തെ തീരുമാനങ്ങളിലെ പിഴവ് സമ്മതിച്ചതിന് നന്ദിയുണ്ടെന്നും കൃഷ്ണൻകുട്ടിയുടെ കാലത്തെ നടപടികളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. കമ്മീഷന്റെ തീരുമാനം റദ്ദാക്കിയാൽ സർക്കാരിന് ഇടപെടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂതത്താൻകെട്ടിൽ 2016ൽ തറക്കല്ലിട്ട പദ്ധതി ഇപ്പോഴും പൂർത്തിയാക്കി തുറക്കാൻ കഴിഞ്ഞിട്ടില്ല. പെരിങ്ങൽകുത്തിലും സമാനമായ സാഹചര്യമാണുള്ളത്. നിരവധി വൈദ്യുതി പദ്ധതികൾ മുടങ്ങിയതിന് പിന്നാലെ വൈദ്യുതി കരാർ റദ്ദാക്കിയത് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. 108-ാം വകുപ്പ് പ്രകാരം സർക്കാർ ഇടപെടലിന് സാധ്യതയുണ്ടെന്നും എന്നാൽ ആ ഘട്ടത്തിൽ ആറുമാസം കഴിഞ്ഞാണ് ഇടപെടലുണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാസപ്പടി കേസിൽ നിയമപരമായ വഴിയിലൂടെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അതേ നിലപാട് തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ചിറയിൻകീഴ് വിഷയത്തിൽ എം.എം. ഹസൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ രമ്യതയാണ് കെപിസിസി ആവശ്യപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
