Technology

കൊച്ചിൻ ഷിപ്പ്‌യാർഡിൽ സ്വിറ്റ്‌സറിന്റെ നാല് ബാറ്ററി-ഇലക്ട്രിക് ടഗുകളുടെ നിർമ്മാണത്തിന് തുടക്കം

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും ആഗോള ടോവിംഗ്, മറൈൻ സേവനദാതാവായ സ്വിറ്റ്‌സറും ചേർന്ന് നാല് അത്യാധുനിക ബാറ്ററി-ഇലക്ട്രിക് ഹാർബർ ടഗുകളുടെ നിർമ്മാണത്തിന് കൊച്ചിയിൽ തുടക്കമിട്ടു. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നടന്ന സ്റ്റീൽ കട്ടിംഗ് ചടങ്ങോടെയാണ് നിർമ്മാണം ആരംഭിച്ചത്. സ്വിറ്റ്‌സറിന്റെ അടുത്ത തലമുറ TRAnsverse 2600e രൂപകല്പനയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ടഗുകൾ. ഹാർബറുകളിലെ സങ്കീർണമായ പ്രവർത്തനങ്ങൾക്കായി രൂപകല്പന ചെയ്ത ഇവ വിവിധ വലുപ്പത്തിലുള്ള കപ്പലുകളെ കൈകാര്യം ചെയ്യാനും പ്രതികൂല കാലാവസ്ഥയിലും വേലിയേറ്റ-ഇറക്ക സാഹചര്യങ്ങളിലും പ്രവർത്തിക്കാനും ശേഷിയുള്ളവയാണ്.


ഹരിത വൈദ്യുതി ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യുമ്പോൾ തുറമുഖ, ടെർമിനൽ ടോവിംഗ് പ്രവർത്തനങ്ങളിൽ നേരിട്ടുള്ള കാർബൺ പുറന്തള്ളൽ ഒഴിവാക്കാൻ ഈ ടഗുകൾക്ക് കഴിയും. ഇന്ത്യയുടെ ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം, മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാൽ വിഷൻ 2047, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് ഈ പദ്ധതി പിന്തുണ നൽകും. 2025 ഡിസംബറിൽ സി എസ് എൽ-ഉം സ്വിറ്റ്‌സറും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് നാല് ടഗുകളുടെ നിർമ്മാണം. ഇലക്ട്രിക് പ്രൊപ്പൽഷൻ, ഉയർന്ന നിലവാരത്തിലുള്ള ഹരിത കപ്പൽനിർമാണം എന്നിവയിൽ ഇന്ത്യയുടെ ആഭ്യന്തര ശേഷി വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും. ചടങ്ങിൽ സി എസ് എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെ., സ്വിറ്റ്‌സർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കാസ്പർ കാൾസൻ, ഏഷ്യ, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിംഗ് ഡയറക്ടർ ഡെനിസ് കിർദാർ ട്രൂ എന്നിവർ പങ്കെടുത്തു.


നാല് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന TRAnsverse 2600e ഹാർബർ ടഗുകളുടെ നിർമ്മാണത്തിനായി സ്വിറ്റ്‌സറുമായി പങ്കാളികളാകാൻ കഴിഞ്ഞത് സി എസ് എല്ലി ന് അഭിമാനകരമാണ്. സമുദ്രഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളിൽ സിഎസ്എൽ നിർണായക പങ്ക് വഹിക്കുമെന്ന് ജോസ് വി.ജെ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 TRAnsverse ടഗുകൾ നിലവിൽ നിർമ്മാണത്തിലാണെന്നും ഈ വിഭാഗം ഇതിനകം 3,000-ത്തിലധികം വാണിജ്യ ടോവിംഗ് പ്രവർത്തനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നും സ്വിറ്റ്‌സർ അറിയിച്ചു. ഇന്ത്യൻ കപ്പൽനിർമാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ അടുത്തിടെ ₹69,725 കോടിയുടെ സമഗ്ര പാക്കേജിന് അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണ് ഈ പുതിയ പദ്ധതി.