Technology

പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി ഏഥർ; 99,999 രൂപ മുതൽ വില, 200 കിലോമീറ്റർ വരെ റേഞ്ചുമായി കൊനാർക്

ബെംഗളൂരു: ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് Ather Energy. കൊനാർക് എന്ന പേരിലുള്ള സ്കൂട്ടറിന് 99,999 രൂപ മുതലാണ് എക്സ്-ഷോറൂം വില. കമ്പനിയുടെ പുതിയ EL പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന ആദ്യ പ്രൊഡക്ഷൻ സ്കൂട്ടറാണ് കൊനാർക്. കുറഞ്ഞ നിർമാണച്ചെലവ്, ലളിതമായ സർവീസിങ്, എളുപ്പത്തിലുള്ള ചാർജിങ്, ദൈനംദിന ഉപയോഗത്തിലെ സൗകര്യം എന്നിവ മുൻനിർത്തിയാണ് EL പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.

കൊനാർക് S, Z ശ്രേണികളിലായാണ് വിപണിയിലെത്തുന്നത്. S വേരിയന്റിന് 100 കിലോമീറ്റർ, 125 കിലോമീറ്റർ, 161 കിലോമീറ്റർ, 200 കിലോമീറ്റർ എന്നിങ്ങനെ വ്യത്യസ്ത IDC റേഞ്ച് ഓപ്ഷനുകളുണ്ടാകും. ഇതിൽ 100 കിലോമീറ്റർ റേഞ്ചുള്ള S വേരിയന്റിന് 99,999 രൂപയാണ് വില. 125 കിലോമീറ്റർ പതിപ്പിന് 1,21,999 രൂപയും 161 കിലോമീറ്റർ പതിപ്പിന് 1,44,999 രൂപയുമാണ് എക്സ്-ഷോറൂം വില. 200 കിലോമീറ്റർ S പതിപ്പിന്റെയും Z ശ്രേണിയിലെ രണ്ട് വേരിയന്റുകളുടെയും വില പിന്നീട് പ്രഖ്യാപിക്കും.

ഡെലിവറികളും ഘട്ടംഘട്ടമായാണ് ആരംഭിക്കുക. 125 കിലോമീറ്റർ, 161 കിലോമീറ്റർ റേഞ്ചുള്ള കൊനാർക് S വേരിയന്റുകളുടെ ഡെലിവറി 2026 സെപ്റ്റംബറിൽ ആരംഭിക്കും. 100 കിലോമീറ്റർ പതിപ്പ് 2027ന്റെ ആദ്യ പാദത്തിലും 200 കിലോമീറ്റർ പതിപ്പ് മൂന്നാം പാദത്തിലും എത്തും. Z ശ്രേണിയിലെ രണ്ട് മോഡലുകളുടെ ഡെലിവറി 2027ന്റെ രണ്ടാം പാദത്തിലാണ് പ്രതീക്ഷിക്കുന്നത്. S പതിപ്പിന് അഞ്ച് നിറങ്ങളും Z പതിപ്പിന് നാല് നിറങ്ങളും ലഭിക്കും.

പുതിയ EL പ്ലാറ്റ്‌ഫോം

വ്യത്യസ്ത തരത്തിലുള്ള സ്കൂട്ടറുകൾക്കായി ഉപയോഗിക്കാവുന്ന രീതിയിൽ വികസിപ്പിച്ച സ്കെയിലബിൾ പ്ലാറ്റ്‌ഫോമാണ് EL എന്നാണ് ഏഥർ പറയുന്നത്. 26 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള ഫീൽഡ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. പുതിയ ചാസിസ്, പവർട്രെയിൻ, ഇലക്ട്രോണിക്സ് ആർക്കിടെക്ചർ എന്നിവയും ഇതിന്റെ ഭാഗമാണ്. കമ്പോണന്റുകളുടെ എണ്ണം കുറച്ചതിലൂടെ അസംബ്ലി സമയം 15 ശതമാനം വരെ കുറയ്ക്കാനും പീരിയഡിക് സർവീസിങ് വേഗം ഇരട്ടിയാക്കാനും സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മോശം റോഡുകളിലും കൂടുതൽ സ്ഥിരത

14 ഇഞ്ച് ഫ്രണ്ട് വീലാണ് കൊനാർകിന്റെ മറ്റൊരു പ്രധാന പ്രത്യേകത. കുഴികളും മോശം റോഡുകളും താരതമ്യേന കൂടുതൽ സുഗമമായി കൈകാര്യം ചെയ്യാൻ വലിയ ഫ്രണ്ട് വീൽ സഹായിക്കുമെന്നാണ് ഏഥറിന്റെ വിലയിരുത്തൽ. 100 മില്ലിമീറ്റർ സസ്പെൻഷൻ ട്രാവലും നൽകിയിട്ടുണ്ട്. 1,352 മില്ലിമീറ്റർ വീൽബേസ് സ്കൂട്ടറിന് കൂടുതൽ സ്ഥിരത നൽകും. 450 ശ്രേണിയിലെ സ്പോർട്ടി സ്വഭാവത്തിന് പകരം കുടുംബ ഉപയോഗത്തിന് അനുയോജ്യമായ കൂടുതൽ സുഖപ്രദവും സ്ഥിരതയുള്ളതുമായ റൈഡിങ് അനുഭവമാണ് കൊനാർകിലൂടെ ഏഥർ ലക്ഷ്യമിടുന്നത്. പില്യൺ യാത്രക്കാർക്കായി പാഡഡ് ഗ്രാബ് ഹാൻഡിലിനൊപ്പം അഡ്ജസ്റ്റബിൾ ബാക്ക്‌റെസ്റ്റും ലഭിക്കും.

AeBS ബ്രേക്കിങ് സംവിധാനം

ഫ്രണ്ട് ഡിസ്ക് ബ്രേക്കിനൊപ്പം കംബൈൻഡ് ബ്രേക്കിങ് സിസ്റ്റം (CBS) ആണ് കൊനാർകിൽ നൽകിയിരിക്കുന്നത്. ഇതിന് പുറമെ ഏഥറിന്റെ AeBS (Advanced Electronic Braking System) സാങ്കേതികവിദ്യയും ലഭിക്കും. പരമാവധി ബ്രേക്കിങ് ഫോഴ്‌സ് 20 ശതമാനം വരെ വർധിപ്പിക്കാനും ബ്രേക്കിങ് സമയത്ത് നിയന്ത്രണവും സ്ഥിരതയും മെച്ചപ്പെടുത്താനും AeBS സഹായിക്കുമെന്ന് കമ്പനി പറയുന്നു. പരമ്പരാഗത ABS സംവിധാനത്തിന് പകരമുള്ള പൂർണ ABS അല്ലെങ്കിലും, ചില സാഹചര്യങ്ങളിൽ ABS-ന് സമാനമായ നേട്ടങ്ങൾ നൽകുന്നതിനായി ഇലക്ട്രോണിക് നിയന്ത്രണം ഉപയോഗിക്കുന്ന സംവിധാനമാണിത്.

900W വരെ ചാർജിങ്

കൊനാർകിൽ 450W ഓൺബോർഡ് ചാർജിങ് സംവിധാനം നൽകിയിട്ടുണ്ട്. ചാർജിങ് സംവിധാനത്തെ സ്കൂട്ടറിനുള്ളിൽ തന്നെ സംയോജിപ്പിച്ചതിനാൽ യാത്രയ്ക്കിടെ പ്രത്യേക ചാർജർ കൊണ്ടുനടക്കേണ്ട സാഹചര്യം കുറയ്ക്കുകയാണ് ലക്ഷ്യം. EL പ്ലാറ്റ്‌ഫോമിന്റെ പ്രധാന സാങ്കേതികവിദ്യകളിലൊന്നായ Charge Drive Controller വഴിയാണ് ഓൺബോർഡ് ചാർജറും മോട്ടോർ കൺട്രോൾ സംവിധാനവും കൂടുതൽ സംയോജിപ്പിച്ചിരിക്കുന്നത്. വേഗത്തിലുള്ള ഹോം ചാർജിങ് ആവശ്യമുള്ളവർക്ക് അധികമായി 450W പോർട്ടബിൾ ചാർജർ വാങ്ങാം. ഓൺബോർഡ് ചാർജറും പോർട്ടബിൾ ചാർജറും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ 900W വരെ ചാർജിങ് ഔട്ട്പുട്ട് ലഭിക്കും.

MagicKey

കൊനാർകിൽ ഏഥറിന്റെ MagicKey എന്ന കീലെസ് ഇഗ്നിഷൻ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. ഫിസിക്കൽ കീ ഉപയോഗിക്കാതെ സ്കൂട്ടർ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റൈഡർ സ്കൂട്ടറിൽ നിന്ന് അകന്നുപോകുമ്പോൾ വാഹനം സ്വമേധയാ ലോക്ക് ചെയ്യാനും സംവിധാനത്തിന് കഴിയും.

കൊനാർക്കിന്റെ ലോഞ്ച് കാണാനായി താഴെ കാണുന്ന വീഡിയോ കാണുക.