KeralaTrending News

കേരള പൊലീസിന്റെ വൻ ലഹരിവേട്ട; കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10 കോടിയിലേറെ വിലവരുന്ന 12.8 കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോയമ്പത്തൂർ: കേരളത്തിലേക്ക് കടത്താൻ ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ വൻ ലഹരിമരുന്ന് ശേഖരവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കോയമ്പത്തൂരിൽ വച്ച് പ്രതികളെ പിടികൂടിയത്. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിനകത്തും പുറത്തും വലിയ രീതിയിൽ ലഹരിവ്യാപാരം നടത്തുന്ന അന്തർസംസ്ഥാന റാക്കറ്റിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്‌മെന്‍റിൽ പോലീസ് നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന സംഘം പിടിയിലായിരുന്നു. ഈ കേസിലെ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരികടത്തിന്‍റെ മുഖ്യവേരുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്. ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിൽ രഹസ്യ കേന്ദ്രങ്ങൾ സജ്ജീകരിച്ച് വൻതോതിൽ എംഡിഎംഎ സംഭരിച്ചശേഷം കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്ക് കടത്തുന്നതാണ് ഇവരുടെ രീതി.

ആഡംബര കാറുകളിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയിരുന്നത്. പോലീസിന്‍റെ കണ്ണുവെട്ടിക്കാനായി തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി, കൊടൈക്കനാൽ തുടങ്ങിയ തിരക്കേറിയ ടൗണുകൾ ഇടത്താവളങ്ങളാക്കിയാണ് ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. ഈ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്നും പ്രതികളെ പോലീസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുമെന്നാണ് കണക്കാക്കുന്നത്.