World

യുഎസുമായുള്ള ചർച്ചയ്ക്ക് ഇറാന്റെ ഏഴ് നിബന്ധനകൾ; അംഗീകരിച്ചില്ലെങ്കിൽ നിർണായക യുദ്ധമെന്ന് മുന്നറിയിപ്പ്

ടെഹ്‌റാൻ: ലോകത്തെ ഇന്ധനവിപണിയെ പ്രതിസന്ധിയിലാക്കിയ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസുമായി ചർച്ച പുനരാരംഭിക്കാൻ ഖത്തർ വഴി ഏഴ് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ലെബനനിലെ ഏറ്റുമുട്ടൽ അവസാനിപ്പിക്കുക, വിദേശത്തുള്ള ഇറാന്റെ ആസ്തികൾ തിരിച്ചുനൽകുക, നാവിക ഉപരോധം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചതെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ-യുഎസ് ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഈ നിബന്ധനകൾ അംഗീകരിക്കണമെന്നാണ് ഇറാന്റെ നിലപാട്. ലെബനനിലെ സംഘർഷം അവസാനിപ്പിക്കുന്നതിനൊപ്പം ഇറാനെതിരായ സാമ്പത്തികവും നാവികവുമായ നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യവും ഇതിൽ ഉൾപ്പെടുന്നു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് നിർദേശങ്ങൾ യുഎസിലേക്ക് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ.

നിബന്ധനകൾ അംഗീകരിക്കാൻ യുഎസ് തയാറായില്ലെങ്കിൽ നിർണായകമായ യുദ്ധത്തിന് ഇറാൻ തയ്യാറെടുക്കുമെന്ന് സുരക്ഷാസമിതി സെക്രട്ടറി മൊഹ്‌സൻ റെസായി മുന്നറിയിപ്പ് നൽകി. ഇറാനെതിരെ പുതിയ ആക്രമണമുണ്ടായാൽ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളും അമേരിക്കയുടെ വാണിജ്യ താൽപര്യങ്ങളും ലക്ഷ്യമിട്ട് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാന്റെ ആവശ്യങ്ങളോട് യുഎസ് എങ്ങനെ പ്രതികരിക്കുമെന്നത് വ്യക്തമല്ല. ചർച്ചകളിലൂടെ സംഘർഷത്തിന് പരിഹാരം കണ്ടെത്താനുള്ള സാധ്യത നിലനിൽക്കുമ്പോഴും മേഖലയിൽ സൈനിക സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക തുടരുകയാണ്.