ബാർ ലൈസൻസ് വിവാദം: എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി; പകരം താൽക്കാലിക ചുമതല അഡീഷണൽ കമ്മിഷണർക്ക്
തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദത്തെ തുടർന്ന് എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന് മാറ്റി. പകരം അഡീഷണൽ കമ്മിഷണർക്ക് താൽക്കാലിക ചുമതല നൽകി. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അതൃപ്തിക്ക് പിന്നാലെയാണ് നടപടി. മന്ത്രിയെ അറിയിക്കാതെ ബാർ ലൈസൻസുകൾ അനുവദിച്ചതും ഉദ്യോഗസ്ഥരുടെ നടപടികളുമാണ് വിവാദത്തിന് കാരണമായത്. മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാർ ലൈസൻസുകൾ നൽകിയതും മന്ത്രിയുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. നിയമസഭാ ചോദ്യത്തിന് മറുപടി നൽകുന്നതിനായി സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പരിശോധിച്ചപ്പോഴാണ് സർക്കാരിന്റെ കാലത്ത് മൂന്ന് ബാർ ലൈസൻസുകൾ പുതുക്കിയ വിവരം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
സർക്കാരിനെ അറിയിക്കാതെയാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് മന്ത്രി നേരത്തെ വിമർശിച്ചിരുന്നു. പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെ സർക്കാർ അറിവില്ലാതെ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടിയും സ്വീകരിച്ചിരുന്നു. വകുപ്പിലെ ഉദ്യോഗസ്ഥരുടെ തുടർച്ചയായ നീക്കങ്ങളിലും മന്ത്രി അതൃപ്തി പരസ്യമാക്കിയിരുന്നു.
എന്നാൽ, നിലവിലുള്ള നിയമങ്ങൾ അനുസരിച്ചാണ് നടപടികൾ സ്വീകരിച്ചതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു ശ്രീറാം സാംബശിവറാവുവിന്റെ വിശദീകരണം. ഈ മാസം 30നകം സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പുതിയ നയത്തിന് മുന്നോടിയായുള്ള ഉദ്യോഗസ്ഥ തലത്തിലെ മാറ്റങ്ങളും ചർച്ചയായിട്ടുണ്ട്.
