നെടുമ്പാശ്ശേരി വാഹനാപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം; സുഹൈല് 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും
കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി. ഒന്നാം പ്രതി സുഹൈൽ സജീവിനെ ഒഴികെയുള്ള മൂന്ന് പ്രതികൾക്കും ഇന്ന് ജയിൽമോചിതരാകാം. സുഹൈലിന് നവംബർ 16ന് പുറത്തിറങ്ങാമെന്നാണ് കോടതി ഉത്തരവിട്ടത്. അതിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രോസിക്യൂഷനോടും നിർദേശിച്ചിട്ടുണ്ട്. ശക്തമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അതിനിടെ, അപകടത്തിനിടയാക്കിയ വാഹനത്തിന്റെ അമിതവേഗം ബിഎംഡബ്ല്യുവിന്റെ സാങ്കേതിക പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് കാറിന്റെ വേഗം മണിക്കൂറിൽ 162 കിലോമീറ്ററായിരുന്നു. കൂട്ടിയിടിക്കുന്ന സമയത്ത് ഇത് 144 കിലോമീറ്ററായി കുറഞ്ഞു. വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പരിശോധനാ റിപ്പോർട്ട് ബിഎംഡബ്ല്യു ഇന്ത്യ അന്വേഷണസംഘത്തിന് കൈമാറി. കൂട്ടിയിടിക്കുന്നതിന് ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
ഒക്ടോബർ 10ന് പുലർച്ചെ 12.30ഓടെയായിരുന്നു അപകടം. മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചാണ് മൂന്ന് പേർ മരിച്ചത്. വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.
തൃക്കാക്കരയിലെ കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന വിദ്യാർഥികളായിരുന്നു ഇവർ. സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ചശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
