World

ഇസ്രയേലിൽ ആർക്കും ഭൂരിപക്ഷമില്ല; നെതന്യാഹുവിന് മുന്നിൽ വീണ്ടും തിരഞ്ഞെടുപ്പ് ഭീഷണി

ജറുസലേം: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതോടെ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം ശക്തമാകുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നയിക്കുന്ന വലതുപക്ഷ സഖ്യം മുന്നിലെത്തിയെങ്കിലും 120 അംഗ പാർലമെന്റിൽ ഭരണം ഉറപ്പിക്കാൻ ആവശ്യമായ 61 സീറ്റുകൾ നേടാനായില്ല. ഇതോടെ വീണ്ടും പൊതുതെരഞ്ഞെടുപ്പ് വേണ്ടിവരുമോയെന്ന ചർച്ചയും സജീവമായി. ലഭ്യമായ കണക്കുകൾ പ്രകാരം ലിക്കുഡ് സഖ്യത്തിന് 53 സീറ്റും പ്രതിപക്ഷത്തിന് 48 സീറ്റുമാണ് ലഭിച്ചത്. അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ജോയിന്റ് ലിസ്റ്റും റാം പാർട്ടിയും ചേർന്ന് 19 സീറ്റുകൾ നേടി. സൈനികരും നയതന്ത്ര ഉദ്യോഗസ്ഥരും രേഖപ്പെടുത്തിയ ഏകദേശം 4.8 ലക്ഷം വോട്ടുകൾ കൂടി എണ്ണാനുള്ളതിനാൽ അന്തിമഫലത്തിൽ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമാകാനുണ്ട്.

നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റാനുള്ള നീക്കങ്ങൾക്ക് പിന്തുണ നൽകാൻ അറബ് പാർട്ടി നേതാക്കൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അറബ് പാർട്ടികളുമായി സഹകരിച്ച് ബദൽ സർക്കാർ രൂപീകരിക്കണമെന്ന് ഡെമോക്രാറ്റ്സ് നേതാവ് യായീർ ഗോലാനും ആവശ്യപ്പെട്ടു. എന്നാൽ, ശക്തമായ വലതുപക്ഷ സർക്കാർ രൂപീകരിക്കുമെന്ന നിലപാടിലാണ് നെതന്യാഹു. ഇറാനെതിരായ സൈനിക നടപടികൾ ശക്തമായി തുടരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള സഹകരണം നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നെന്നും അറബ് പാർട്ടികൾ വിജയം തട്ടിയെടുത്തെന്നുമുള്ള ലിക്കുഡ് പാർട്ടിയുടെ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തള്ളി.

അറബ് പാർട്ടികളുടെ പിന്തുണയോടെ പ്രതിപക്ഷം സർക്കാർ രൂപീകരിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇസ്രയേൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവരും. അതുവരെ നെതന്യാഹുവിനെ താൽക്കാലിക പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് ചുമതലപ്പെടുത്തിയേക്കും.

പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്ന മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്, നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റാനാണ് ജനവിധിയെന്ന് അവകാശപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം ഇസ്രയേൽ വിപണിയെയും ബാധിച്ചു. ഷെക്കലിന്റെ മൂല്യം ഇടിയുകയും ടെൽ അവീവ് ഓഹരി വിപണിയിലെ പ്രധാന സൂചികകൾ മൂന്ന് ശതമാനത്തിലധികം താഴുകയും ചെയ്തു.