KeralaTrending News

എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂട്ടും; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. നിർദിഷ്ട വർധന നടപ്പാകുന്നതോടെ എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ പ്രതിമാസം 98,000 രൂപ ലഭിക്കും. മന്ത്രിമാരുടെ ശമ്പളം 1.08 ലക്ഷത്തിൽനിന്ന് 1.33 ലക്ഷം രൂപയായി ഉയരും.

നിലവിൽ ശമ്പളവും ആനുകൂല്യങ്ങളും ചേർത്ത് എംഎൽഎമാർക്ക് പ്രതിമാസം 70,000 രൂപയാണ് ലഭിക്കുന്നത്. 2018ലാണ് അവസാനമായി ശമ്പളവർധന നടപ്പാക്കിയത്. ജനപ്രതിനിധികളുടെ പ്രതിഫലവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന പഠനറിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ചാണ് പുതിയ നീക്കം. ആനുകൂല്യങ്ങളിൽ 35 ശതമാനം വരെ വർധന വരുത്താമെന്നാണ് റിപ്പോർട്ടിലെ നിർദേശം. വിഷയത്തിൽ പ്രതിപക്ഷവും സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.

നിലവിൽ എംഎൽഎമാർക്ക് വിവിധ ഇനങ്ങളിലായാണ് തുക ലഭിക്കുന്നത്. ശമ്പളമെന്ന നിലയിൽ 2,000 രൂപയും മണ്ഡല അലവൻസായി 25,000 രൂപയും ഫോൺ വാടകയായി 11,000 രൂപയും നൽകുന്നു. ഇതിനു പുറമേ വിവര അലവൻസായി 4,000 രൂപയും സത്കാരച്ചെലവിനായി 8,000 രൂപയും യാത്രാബത്തയായി 25,000 രൂപയും ലഭിക്കുന്നുണ്ട്. ഈ ഇനങ്ങളെല്ലാം ചേർത്താണ് പ്രതിമാസം 70,000 രൂപ ലഭിക്കുന്നത്.

ഇന്ന് നിയമസഭയിൽ ബിൽ അവതരിപ്പിക്കുന്നതോടെ ശമ്പള-ആനുകൂല്യ വർധന സംബന്ധിച്ച തുടർനടപടികൾ വ്യക്തമാകും.