KeralaTrending News

ചാർട്ടേഡ് വിമാനയാത്രയിൽ പ്രതികരണവുമായി കെ. മുരളീധരൻ; കാലത്തിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ യാത്രയിലും മാറ്റം വേണം

തൃശൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്പോൺസർഡ് ചാർട്ടേഡ് വിമാനയാത്രയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ഇതേ കമ്പനിയുടെ വിമാനം മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഉപയോഗിച്ചിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. കാലത്തിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ യാത്രാരീതിയിലും മാറ്റം വരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾക്ക് അറിയാമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരണം നൽകുമെന്നും മുരളീധരൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ തനിക്ക് ഇത്തരമൊരു വിമാനയാത്ര നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കിരീടവുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. സ്വർണക്കിരീടം ശബരിമലയിൽ തന്നെയുണ്ടെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്. വിഷയം പരിശോധിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിഎം സ്ഥലത്തെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമായ ഇടങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി തനിക്ക് പ്രത്യേക നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ മരുന്ന് ലഭ്യത സംബന്ധിച്ചും മന്ത്രി വിശദീകരണം നൽകി. സർക്കാർ ആശുപത്രികളിൽ മരുന്നിന് ക്ഷാമമില്ലെന്നും 657 ഇനം മരുന്നുകൾ നിലവിൽ സ്റ്റോക്കുണ്ടെന്നും മുരളീധരൻ പറഞ്ഞു. ചിലർ മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.