മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയുടെ സ്പോൺസർ ചിപ്സൺ ഏവിയേഷൻ; 19 ലക്ഷം രൂപയിലേറെ രൂപ അടച്ചെന്ന് രേഖ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവുമായി ബന്ധപ്പെട്ട നിർണായക രേഖ പുറത്ത്. കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിനായി ചിപ്സൺ ഏവിയേഷൻ 19,88,595 രൂപ നൽകിയതായി രേഖകളുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് സെപ്റ്റംബർ 21ന് മുഖ്യമന്ത്രി ഉപയോഗിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാന സർക്കാരിന് ഹെലികോപ്റ്റർ സേവനം നൽകിയിരുന്ന ചിപ്സൺ ഏവിയേഷന്റെ കരാർ അവസാനിച്ചതിന് പിന്നാലെയാണ് പുതിയ കരാറിനായുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ ഈ ഇടപാട് പുറത്തുവരുന്നത്. ചിപ്സൺ ഏവിയേഷനാണ് വിമാനത്തിനുള്ള തുക നൽകിയതെന്നാണ് ലഭ്യമായ രേഖകൾ വ്യക്തമാക്കുന്നത്.
മഴക്കെടുതി വിലയിരുത്താൻ തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. യാത്രാവിമാനം ലഭ്യമല്ലാത്തതിനാലാണ് ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്നും സംസ്ഥാന ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വിശദീകരിച്ചത്. പിന്നീട് ഒരു പരിചയക്കാരനാണ് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് വഹിച്ചത് ആരാണെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു. ചിപ്സൺ ഏവിയേഷൻ സർക്കാർ ഹെലികോപ്റ്റർ കരാർ പുതുക്കാനുള്ള നടപടികളിലിരിക്കെ യാത്രയുടെ ചെലവ് വഹിച്ചതാണ് ഇപ്പോഴത്തെ രാഷ്ട്രീയ വിവാദത്തിന് പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ചാർട്ടേഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്രകൾ, കെ.എം. ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം സർക്കാരിനെതിരായ രാഷ്ട്രീയ വിമർശനത്തിന്റെ ഭാഗമായി ഉയർത്തുന്നുണ്ട്. അതേസമയം, സ്വകാര്യ വ്യക്തികളുടെ ചെലവിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇത്തരം യാത്രകൾ തുടരുമെന്നും വി.ഡി. സതീശൻ പ്രതികരിച്ചിട്ടുണ്ട്.
