മാസപ്പടി കേസ്: വിവരശേഖരണം ഇന്ന് തുടങ്ങും; ഒൻപതംഗ എസ്ഐടി അന്വേഷണത്തിന്
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോർട്ടിന് പിന്നാലെ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ വിവരശേഖരണം ആരംഭിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് എംഎൽഎ, വീണ ടി. എന്നിവരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. ക്രൈം ബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലാണ് എസ്ഐടി പ്രവർത്തിക്കുക. എസ്.പി പി. വിക്രമനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ഒൻപത് അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. മൂന്ന് ഡിവൈഎസ്പിമാരും അഞ്ച് സി.ഐമാരും സംഘത്തിലുണ്ട്. കെ.വി. ബെന്നി, എസ്.എം. പ്രദീപ് കുമാർ, എൻ. ബിജു എന്നിവരാണ് ഡിവൈഎസ്പിമാർ. സൈബർ എസ്.പി അങ്കിത് അശോകൻ അന്വേഷണ സംഘത്തിന് ആവശ്യമായ സാങ്കേതിക സഹായം നൽകണമെന്നും ഉത്തരവിലുണ്ട്.
ഇഡി റിപ്പോർട്ട് സർക്കാരിന് കൈമാറി 15 ദിവസത്തിന് ശേഷമാണ് അന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുന്നത്. പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയുമെന്ന നിയമോപദേശം ലഭിച്ചിരുന്നെങ്കിലും ആദ്യം പ്രാഥമിക അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നയപരമായ തീരുമാനം ഉണ്ടായത്. അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കത്ത് കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ എസ്.പി ഉൾപ്പെടുന്ന സംഘമായിരിക്കും അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണത്തിനാണ് നിലവിൽ തീരുമാനമെന്നും അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു.
