KeralaTrending News

5,750ൽ നിന്ന് 10,000 ബസുകളിലേക്ക് കെഎസ്ആർടിസി; അഭൂതപൂർവമായ മാറ്റത്തിന് ഒരുങ്ങുന്നുവെന്ന് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പുതിയ വരുമാനസ്രോതസുകൾ കണ്ടെത്തിയും മൂലധനച്ചെലവ് കുറച്ചും കെഎസ്ആർടിസിയെ കൂടുതൽ വളർച്ചയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. നിലവിൽ സർവീസ് നടത്തുന്ന 5,750 ബസുകളിൽ നിന്ന് 10,000 ബസുകളുള്ള വലിയ സംവിധാനമായി കെഎസ്ആർടിസിയെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും ബസുകൾ വാങ്ങി കെഎസ്ആർടിസിക്ക് കൈമാറാൻ കഴിയുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ലഭിക്കുന്ന സ്വകാര്യ ബസുകൾക്ക് കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുക നൽകിയാണ് സർവീസ് നടത്തുക. എംഎൽഎമാർക്കും സ്വന്തം നിയോജക മണ്ഡലത്തിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്നതിനായി ബസുകൾ വാങ്ങി നൽകാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി വാട്സാപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഊബർ ആപ്പ് വഴിയും കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ ലഭ്യമാക്കും.

ഇതിന് പുറമെ തുറമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള ചരക്കുനീക്ക സർവീസിലേക്കും കെഎസ്ആർടിസിയെ വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.