‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 300 കോടി ക്ലബിൽ; സാങ്കേതികപ്രവർത്തകരെ മുൻനിർത്തി വ്യത്യസ്ത പോസ്റ്റർ
കൊച്ചി: മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ മറികടന്ന് നിവിൻ പോളി–ഗിരീഷ് എ.ഡി–മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 300 കോടി രൂപ കളക്ഷൻ പിന്നിട്ടതായി അണിയറപ്രവർത്തകർ അറിയിച്ചു. നേട്ടം പ്രഖ്യാപിച്ചുകൊണ്ട് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാധാരണയായി ചിത്രത്തിന്റെ വൻ വിജയങ്ങൾ ആഘോഷിക്കുമ്പോൾ താരങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകളാണ് പുറത്തിറക്കാറുള്ളത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സാങ്കേതികപ്രവർത്തകരെ മുൻനിർത്തിയാണ് 300 കോടി നേട്ടത്തിന്റെ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ, നിർമ്മാതാക്കൾ എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാങ്കേതികപ്രവർത്തകർക്ക് അർഹമായ പ്രാധാന്യം നൽകിയ നീക്കത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംവിധായകൻ ഗിരീഷ് എ.ഡി, നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഛായാഗ്രാഹകൻ അജ്മൽ സാബു, തിരക്കഥാകൃത്ത് കിരൺ ജോസി, എഡിറ്റർ ആകാശ് ജോസഫ് വർഗീസ് എന്നിവരാണ് 300 കോടി പോസ്റ്ററിലുള്ളത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടത്തിനൊപ്പം ഏറ്റവും വേഗത്തിൽ 300 കോടി പിന്നിട്ട മലയാള ചിത്രമെന്ന റെക്കോർഡും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ പറയുന്നു. 28-ാം ദിവസവും 266 തിയേറ്ററുകളിൽ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര–തെലങ്കാന മേഖലകൾ, ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു.
നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രത്തിൽ വിഷ്ണു വിജയന്റെ സംഗീതവും അജ്മൽ സാബുവിന്റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസിന്റെ എഡിറ്റിംഗും ശ്രദ്ധേയമാണ്. റീവാച്ചിനായി പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതോടെ ചിത്രത്തിന്റെ പ്രദർശനം ഇപ്പോഴും മികച്ച പ്രതികരണത്തോടെ തുടരുകയാണ്.
