ബോബ് മാര്‍ലി മ്യൂസിക് നൈറ്റ് സംഗീത വിസ്മയം തീർത്തു
കൊച്ചി: വിഖ്യാത ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിയുടെ 45-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടന്ന ബോബ് മാർലി നൈറ്റ് സംഗീത വിസ്മയം തീർത്തു. കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്‌വേ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന സംഗീത പരിപാടി ഗായകനും മ്യൂസിക് പ്രൊഡ്യൂസറുമായ ജോർജ് പീറ്റർ, ബോബ് മാർലിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു. തുടർന്ന് ജോർജ് പീറ്റർ ബോബ് മാർലിയുടെ കുഡ് യു ബി ലവ്ഡ്ഗാ നം ആലപിച്ചു.
കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് വി.എ.ശ്രീജിത്ത്, ചലച്ചിത്ര പ്രവർത്തകൻ രാജേഷ് പുത്തൻപുരയിൽ, സുരീന്ദര്‍സിങ് സേത്തി, ഷാജി ജോര്‍ജ് പ്രണത, പി.എം.ഹാരിസ്, തെന്നല്‍, മത്തായി വർഗീസ്, എബി എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഡിജെ അജിത് സെബാൻ, ലൂസ് മത്തായി ലൈവ്, റിവർ ഗയ്‌സ് ബാൻഡ്, ദി ജോഷ് ട്രീ, ലോബ്സ്റ്റർ ഫ്ലൈ എന്നീ ബാൻഡുകൾ തുടർന്ന് സംഗീത പരിപാടി അവതരിപ്പിച്ചു. ‘സെ നോ ടു ഡ്രഗ്സ് ‘ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ സംഗീതനിശ എൽ.കെ.ഫൗണ്ടേഷനും ഐലന്‍ഡ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായാണ് സംഘടിപ്പിച്ചത്.
