KeralaTrending News

ചേരാനല്ലൂർ വാഹനാപകടം; മുമ്പും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് 17കാരന്റെ മൊഴി

എറണാകുളം: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ അന്വേഷണസംഘത്തിന് നിർണായക മൊഴി നൽകി 17കാരൻ. നേരത്തെയും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും കൗമാരക്കാരൻ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് അന്വേഷണസംഘം നാളെ കോടതിയിൽ സമർപ്പിക്കും. വ്യാഴാഴ്ചയാണ് 17കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴിയെടുക്കാൻ പൊലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്തത്.

അതേസമയം, കേസിൽ 17കാരന് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവിനെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിൽ ഹൈക്കോടതി സർക്കാരിനും 17കാരനും നോട്ടീസ് അയച്ചു. അഭിഭാഷകൻ മുഖേനയാണ് കൗമാരക്കാരന് നോട്ടീസ് നൽകിയത്.

ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി നടപടി ഗുരുതര വീഴ്ചയാണെന്നും പ്രതിയുടെ പിതാവിന് ഉന്നത സ്വാധീനമുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കുടുംബം ഹർജിയിൽ ആരോപിക്കുന്നു. അപകടത്തിന് പിന്നിൽ കേവലം അശ്രദ്ധയല്ല, മനുഷ്യജീവന് വിലകൽപ്പിക്കാത്ത സമീപനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 17കാരൻ മുമ്പും അശ്രദ്ധമായി വാഹനമോടിച്ചിട്ടുണ്ടെന്ന കാര്യവും കുടുംബം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.