അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടം; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്
കൊച്ചി: കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരി അക്ഷരയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവർ ബിനോയിയുടെ ഡ്രൈവിങ് ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഫോപാർക്ക് പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുന്നതിന് പകരം സ്ഥിരമായി റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ബിനോയിക്കെതിരെ നേരത്തെ ഏഴോളം കേസുകളുണ്ടെന്നാണ് കണ്ടെത്തൽ. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇയാൾ സ്വകാര്യ ബസിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചതെന്നും വ്യക്തമായിട്ടുണ്ട്. നിലവിൽ റിമാൻഡിലുള്ള ബിനോയിക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ ഇടപെടൽ.
അപകടത്തിനിടയാക്കിയ മലയിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും പൊലീസ് മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2022 മുതൽ ബസിനെതിരെ വിവിധ നിയമലംഘനങ്ങളിലായി 154 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോർ തുറന്നുള്ള സർവീസ്, സിഗ്നൽ ലംഘനം, തെറ്റായ ദിശയിലൂടെ വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. നവംബർ നാലിനാണ് ജിമ്മിൽനിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ കാക്കനാട് വെച്ച് സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചത്. റോഡിലേക്ക് വീണ അക്ഷരയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ സ്വകാര്യ ബസുകൾക്കെതിരായ പരിശോധന മോട്ടോർ വാഹന വകുപ്പും പൊലീസും ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച നടത്തിയ മിന്നൽ പരിശോധനയിൽ മാത്രം 382 ബസുകൾക്കെതിരെ നടപടിയെടുത്തിരുന്നു.
