ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി ജഡ്ജി ഹൈക്കോടതിയിൽ
എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിചേർക്കപ്പെട്ട ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന 17കാരന്റെ പിതാവായ സെഷൻസ് ജഡ്ജിയെയാണ് പൊലീസ് കേസിൽ പ്രതിയാക്കിയത്. ജഡ്ജിയെ ചോദ്യം ചെയ്തതിന് പിന്നാലെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി പൊലീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജഡ്ജി മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
ജഡ്ജിക്കെതിരായ തുടർനടപടികൾ രണ്ട് ദിവസത്തിന് ശേഷമേ ഉണ്ടാകൂ. തിടുക്കത്തിൽ നടപടിയെടുക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ധാരണ. ഇതിനിടെ, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതി രജിസ്ട്രാറെ കണ്ടു. ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി റിപ്പോർട്ട് നൽകിയിരുന്നു. ജഡ്ജിയെ പിരിച്ചുവിടണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യം. ജഡ്ജിയുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആഡംബര ബൈക്കടക്കമുള്ളവ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന തുടരുകയാണ്. സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കാനും നടപടിയുണ്ട്.
അപകടത്തിൽപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന് മുന്നോടിയായി ഉടമയായ സെഷൻസ് ജഡ്ജിക്ക് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
