ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് സിജെപി പിന്തുണ പ്രഖ്യാപിച്ചു
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം നവംബർ ഒന്നിന് സംഘടിപ്പിക്കുന്ന റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയും സ്വതന്ത്രമായ പ്രവർത്തനവും വീണ്ടെടുക്കാൻ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നാണ് പാർട്ടിയുടെ ആവശ്യം. അർഹരായ എല്ലാ പൗരന്മാരുടെയും വോട്ടവകാശം സംരക്ഷിക്കണമെന്നും സിജെപി വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കങ്ങൾ പ്രതിപക്ഷം ഊർജിതമാക്കി. വെള്ളിയാഴ്ച എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ വസതിയിൽ മോക്ക് ഇംപീച്ച്മെന്റ് സംഘടിപ്പിക്കാനാണ് തീരുമാനം.
അശോക ഹോട്ടലിലും രാംലീല മൈതാനത്തും അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് വേദി മാറ്റിയത്. പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ചിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന ‘ചലോ ദില്ലി’ മഹാറാലിക്കുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു. ഇതിനിടെ, റാലി വ്യാപാര മേഖലയെ ബാധിക്കുമെന്ന ആശങ്കയുമായി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി രാഹുൽ ഗാന്ധിക്ക് തുറന്ന കത്തയച്ചു. 20 മിനിറ്റ് കൂടിക്കാഴ്ച അനുവദിക്കണമെന്നും സമരം വ്യാപാരികളെ ബാധിക്കില്ലെന്ന് ബോധ്യപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ദീപാവലി കഴിയുന്നതുവരെ റാലി മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.
അതേസമയം, പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് മറുപടിയായി ബിജെപി ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ പദയാത്ര നടത്തി. പാർട്ടി അധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ ജെയിൻ ക്ഷേത്ര പരിസരത്തുനിന്ന് ടൗൺ ഹാൾ വരെ നടന്ന മാർച്ചിൽ മുഖ്യമന്ത്രി രേഖ ഗുപ്തയടക്കമുള്ളവർ പങ്കെടുത്തു.
