174 യാത്രക്കാരുടെ ജീവൻ രക്ഷിച്ചു; ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് യുഎഇയുടെ ഉന്നത ബഹുമതി
ദുബായ്: സഹപൈലറ്റിന്റെ ആക്രമണത്തെ അതിജീവിച്ച് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള ഫ്ലൈദുബായ് ജീവനക്കാരെ യുഎഇയുടെ ഉന്നത ബഹുമതി നൽകി ആദരിച്ചു. യുഎഇ പ്രസിഡന്റ് സമ്മാനിക്കുന്ന ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് – 2 പുരസ്കാരമാണ് ജീവനക്കാർക്ക് ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലാണ് സംഭവം. സഹപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമി ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. പൈലറ്റിനെ ആക്രമിച്ച് വിമാനം തകർക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ പ്രതിരോധം തുടർന്നു. ഇതിനിടെ കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ സമയോചിതമായ ഇടപെടലും ധീരതയും വലിയൊരു വിമാനദുരന്തം ഒഴിവാക്കാൻ സഹായിച്ചതായി യുഎഇ അധികൃതർ വിലയിരുത്തി. 174 യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിൽ ക്യാപ്റ്റനും മറ്റ് ജീവനക്കാരും കാഴ്ചവച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് രാജ്യത്തിന്റെ ഉന്നത ബഹുമതി സമ്മാനിച്ചത്.
