World

അമേരിക്ക ആക്രമണം പുനരാരംഭിച്ചാൽ നേരിടാൻ ഇറാൻ സജ്ജം; ഹോർമുസ് അടച്ചിടുമെന്ന് മുന്നറിയിപ്പ്

ന്യൂയോർക്ക്: അമേരിക്ക വീണ്ടും ആക്രമണം ആരംഭിച്ചാൽ നേരിടാൻ ഇറാൻ പൂർണ സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. പുതിയ ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അത് സർവനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാൽ പോലും നേരിടാൻ തയ്യാറാണെന്നും അരഗ്ചി വ്യക്തമാക്കി. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് താനും ഇറാൻ പ്രസിഡന്റും ന്യൂയോർക്കിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടാനാണ് ഇറാന്റെ നിലപാട്. യുദ്ധത്തിൽ ഇറാൻ നേടിയ നേട്ടം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഇറാൻ സൈനിക ജനറലും വ്യക്തമാക്കി.

അതിനിടെ, ഇറാനുമായി ഈ ആഴ്ച കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. യുദ്ധത്തിൽ അമേരിക്ക ഉടൻ വിജയം നേടുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇതിനിടെ, അമേരിക്കയുടെ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന ഇറാന്റെ അവകാശവാദം യുഎസ് തള്ളി. എല്ലാ പ്രവർത്തനക്ഷമമായ ഡ്രോൺ സംവിധാനങ്ങളും അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. എന്നാൽ, അമേരിക്കൻ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന അവകാശവാദത്തിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. പിടിച്ചെടുത്തതായി പറയുന്ന ഡ്രോണിന്റെ ചിത്രവും ഇറാൻ സൈനിക ഉദ്യോഗസ്ഥൻ പുറത്തുവിട്ടു.