വൈദ്യുതി കരാർ വിവാദത്തിൽ മഞ്ഞുരുകി; പുതിയ കരാറുകൾ പരിശോധിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച വൈദ്യുതി പർച്ചേസ് വിഷയത്തിൽ സമവായത്തിലെത്തി സർക്കാർ. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിഷയത്തിൽ ധാരണയായത്. മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. കെഎസ്ഇബി എംഡിയുമായി മുഖ്യമന്ത്രി പ്രത്യേക ചർച്ച നടത്തിയെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് കൂടിക്കാഴ്ച നടന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലെന്നും അടുത്ത രണ്ടുമാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ സണ്ണി ജോസഫ് എതിർപ്പുകളൊന്നും ഉന്നയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭാവിയിലെ വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് പുതിയ കരാറുകളുടെ സാധ്യതകൾ പരിശോധിക്കാനും തീരുമാനമായി. ബോർഡ്-കോർപറേഷൻ യോഗത്തിനിടെയാണ് വൈദ്യുതി വാങ്ങൽ കരാറുകളുമായി ബന്ധപ്പെട്ട വിവാദം ചർച്ചയായത്. ജിഎൻഎയുമായുള്ള കരാർ റദ്ദാക്കിയതും ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കവുമാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. കരാർ പിൻവലിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു.
വൈദ്യുതി ബോർഡിന്റെ തീരുമാനങ്ങൾ അറിയിക്കാതെയാണ് മുന്നോട്ടുപോയതെന്നായിരുന്നു മന്ത്രിയുടെ പരാതി. എന്നാൽ ബോർഡ് സമർപ്പിച്ച ഫയൽ തനിക്ക് കൈമാറിയത് മന്ത്രിയാണെന്നും തീരുമാനത്തിന് ശേഷം ഫയൽ തിരികെ നൽകുകയായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പിന്നീട് മന്ത്രി തന്നെയാണ് ഫയൽ ബോർഡിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കിടെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ക്ലിഫ് ഹൗസിൽ നിർണായക ചർച്ച നടന്നത്. നിലവിലെ വൈദ്യുതി സാഹചര്യം വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ ആവശ്യങ്ങൾക്കായി പുതിയ കരാറുകൾ പരിശോധിക്കാനാണ് സർക്കാർ തീരുമാനം.
