കൊച്ചി മേയർ അഡ്വ. വി.കെ.മിനിമോൾ ആഗോള ക്ലൈമറ്റ് അലയൻസ്ന്റെ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി: ആഗോള നഗരങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ‘ഗ്ലോബൽ കവനന്റ് ഓഫ് മേയേഴ്സ് ഫോർ ക്ലൈമറ്റ് ആൻഡ് എനർജി’യുടെ (Global Covenant of Mayors for Climate & Energy – GCoM) മേയറൽ ബോർഡിലേക്കാണ് കൊച്ചി മേയർ അഡ്വ. വി.കെ.മിനിമോൾ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്. ആറ് ഭൂഖണ്ഡങ്ങളിലായി 150 രാജ്യങ്ങളിൽ നിന്നുള്ള 14,000-ലധികം നഗരങ്ങളും പ്രാദേശിക ഭരണകൂടങ്ങളും ഉൾപ്പെടുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഈ നഗര നേതൃത്വ സഖ്യം. ആഗോളതലത്തിൽ 120 കോടിയിലധികം ജനങ്ങളെയാണ് ഈ കൂട്ടായ്മ പ്രതിനിധീകരിക്കുന്നത്. നഗരങ്ങളുടെ സുസ്ഥിര വികസനവും കാലാവസ്ഥാ പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിൽ GCoM ബോർഡിന് നിർണായക സ്ഥാനമാണുള്ളത്. ഫിനാൻസ്, പ്രതിരോധശേഷി, ബഹുമുഖ പങ്കാളിത്തങ്ങൾ എന്നിവയിലൂടെ നഗരങ്ങളിൽ കാലാവസ്ഥാ സുസ്ഥിരത ഉറപ്പാക്കുകയാണ് ബോർഡിന്റെ ലക്ഷ്യം.
ദക്ഷിണേഷ്യയിലെ നഗരങ്ങളുടെ പ്രതിനിധിയായിയാണ് അഡ്വ. വി കെ മിനിമോൾ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്യൻ യൂണിയന്റെ യൂറോപ്യൻ കമ്മീഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തെരേസ റിബേറയും ബ്ലൂംബെർഗ് ഫിലന്തത്രോപ്പീസ് സ്ഥാപകനായ മൈക്കൽ ആർ. ബ്ലൂംബെർഗും സംയുക്തമായാണ് മേയർക്ക് ഈ ഔദ്യോഗിക പദവിയിലേക്കുള്ള നിയമനം കൈമാറിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണ ലഘൂകരണത്തിനും ഹരിത മാതൃകകൾക്കും കൊച്ചി നഗരസഭ നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള ആഗോള അംഗീകാരമായിട്ടാണ് ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.
