പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; ഏഴ് ചാക്ക് ഹാൻസ് കടത്തിയത് സിവിൽ പൊലീസ് ഓഫീസർ
സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷനിലെ സ്റ്റോർമുറിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് മോഷണം പോയ സംഭവത്തിൽ പൊലീസുകാരന് പങ്കുണ്ടെന്ന് കണ്ടെത്തൽ. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സബിത്താണ് ഹാൻസ് കടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചതിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കഴിഞ്ഞ 10 മുതൽ ഒളിവിൽ കഴിയുന്ന സബിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഡിവൈഎസ്പിക്ക് ശിപാർശയും നൽകി.
കഴിഞ്ഞ ജൂൺ ഏഴിന് നഗരപരിധിയിലെ ദൊട്ടപ്പൻകുളത്തെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണം പോയ ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തത്. കേസിലെ തൊണ്ടിമുതലായി ഇവ സ്റ്റേഷനിലെ സ്റ്റോർമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ 10ന് രാത്രിയാണ് തൊണ്ടിമുതൽ കാണാതായ വിവരം സ്റ്റേഷൻ റൈറ്റർ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്റ്റോർമുറി വൃത്തിയാക്കുന്നതിനായി തുറന്നപ്പോഴാണ് ഹാൻസ് പാക്കറ്റുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
