KeralaTrending News

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. പുനലൂരിൽ ഇന്നലെ 36.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അതോറിറ്റി അറിയിച്ചു. പകൽ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. ഈ സമയത്ത് പുറത്തിറങ്ങേണ്ടിവന്നാൽ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കണം. ദാഹമില്ലെങ്കിലും ഇടവിട്ട് വെള്ളം കുടിക്കാനും ORS ലായനി, സംഭാരം എന്നിവ ഉപയോഗിക്കാനും നിർദേശമുണ്ട്. പകൽസമയത്ത് മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് ഉചിതം.

അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. സ്കൂളുകളിൽ ശുദ്ധജല ലഭ്യതയും മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിലത്ത് നടത്തുന്ന അസംബ്ലികൾ ഒഴിവാക്കുന്നതിനൊപ്പം ഉച്ചസമയത്തെ വിനോദയാത്രകളും നിയന്ത്രിക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഭക്ഷണവിതരണ ജീവനക്കാർ തുടങ്ങിയവർക്ക് രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ആവശ്യമായ വിശ്രമവും തണലും ലഭ്യമാക്കണം. കെട്ടിടങ്ങൾ, മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും നിർദേശമുണ്ട്. കാട്ടുതീ പടരാതിരിക്കാൻ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകുന്നതും ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.