KeralaTrending News

മുഖ്യമന്ത്രിയുടെ വൈറൽ AI ഡാൻസ് വീഡിയോ ഇന്ത്യയിൽ നിയന്ത്രിച്ച് മെറ്റ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറലായ കെഎസ്ഇബി ഡാൻസ് വീഡിയോ ഇന്ത്യയിൽ കാണാനാകാത്തവിധം നിയന്ത്രിച്ച് മെറ്റ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്ന വീഡിയോയുടെ ലഭ്യത ഇന്ത്യയിൽ പരിമിതപ്പെടുത്തിയതായി വീഡിയോ പ്രസിദ്ധീകരിച്ച ‘AI കവല’ എന്ന അക്കൗണ്ട് അറിയിച്ചു. വീഡിയോ നിയന്ത്രിച്ച വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അക്കൗണ്ട് പുറത്തുവിട്ടത്. പ്രസ്തുത വീഡിയോ കുറച്ചുസമയത്തിനുള്ളിൽ അക്കൗണ്ടിലൂടെ മാത്രം 1.78 കോടി പേർ കണ്ടിരുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനമായ ‘റീച്ച് യു’ ആണ് വീഡിയോ നിർമിച്ചത്.

ഇന്ത്യയിലെ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കമാണ് വീഡിയോയിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം. എന്നാൽ വീഡിയോ നീക്കം ചെയ്യുകയോ നിയന്ത്രിക്കുകയോ ചെയ്തതിന്റെ കൃത്യമായ കാരണം മെറ്റ ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് വീഡിയോ ഇപ്പോഴും കാണാൻ കഴിയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. നന്നായി നൃത്തം ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും സുഹൃത്തുമായ വിജയ്‌യേക്കാളും മികച്ച രീതിയിലാണ് താൻ നൃത്തം ചെയ്യുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വീഡിയോ കണ്ട് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിൽ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് നിർമാതാവ് അഭിജിത്ത് പറഞ്ഞു. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചതെന്നും വീഡിയോയെക്കുറിച്ച് ഇതുവരെ മോശം അഭിപ്രായങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി.