മരുന്ന് ക്ഷാമം പരിഹരിക്കാൻ ഒരാഴ്ച; ആരോഗ്യവകുപ്പ് നന്നാക്കിയിട്ടേ ഞാൻ ഇറങ്ങൂ: കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്നുകൾക്ക് പൊതുവിൽ ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ചില മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ടെന്നും 18 ഇനങ്ങൾക്കാണ് നിലവിൽ ഷോർട്ടേജുള്ളതെന്നും മന്ത്രി പറഞ്ഞു. കുറവുള്ള മരുന്നുകൾ ഒരാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി. സാധാരണക്കാർക്ക് ലഭ്യമാകാത്ത ഏതെങ്കിലും മരുന്നുണ്ടെങ്കിൽ അറിയിച്ചാൽ അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 18 ഇനം മരുന്നുകളുടെ കുറവ് പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്ക് ശേഷം ലഭ്യമല്ലാത്ത മരുന്നുകളുടെ വിവരങ്ങൾ അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ചില മരുന്ന് കമ്പനികളിൽ നിന്ന് ഇനി മരുന്ന് വാങ്ങില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ചില മരുന്ന് കമ്പനികൾക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ടായിരുന്നുവെന്നും ഡോക്ടർമാർ, ഉദ്യോഗസ്ഥർ, മരുന്ന് കമ്പനികൾ എന്നിവർക്കിടയിൽ ശക്തമായ ബന്ധമുണ്ടെന്നും മന്ത്രി ആരോപിച്ചു. തന്റെ കാലയളവിൽ ഇത്തരം ക്രമക്കേടുകൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്ന് ക്ഷാമമുണ്ടെന്ന പ്രചാരണത്തിന് പിന്നിൽ ചില മരുന്ന് കമ്പനികളാണെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്യുന്ന കമ്പനികളുണ്ടെന്നും മന്ത്രി ആരോപിച്ചു. ആരോഗ്യവകുപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമേ താൻ സ്ഥാനമൊഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) തലപ്പത്ത് നിലവിൽ ആളില്ലാത്തതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ഒരാളെ ചുമതലയേൽപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ചുമതല ഏറ്റെടുത്തില്ല. ഉചിതമായ വ്യക്തിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും കെ. മുരളീധരൻ അറിയിച്ചു.
