SportsTrending News

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമസ്ഥർ; ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന

കൊച്ചി: പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് കളമൊരുങ്ങുന്നു. ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ക്ലബ്ബിന്റെ പുതിയ മാനേജ്‌മെന്റിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. യുഎഇയിലെ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു കൺസോർഷ്യം ക്ലബ്ബിന്റെ നിയന്ത്രണം ഏറ്റെടുക്കാനൊരുങ്ങുന്നതായാണ് ലഭിക്കുന്ന വിവരം. ക്ലബ്ബിന്റെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് സൂചന. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികൾ കേരള ബ്ലാസ്റ്റേഴ്‌സുമായി ധാരണയിലെത്തിയതായും ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ മാഗ്നം സ്പോർട്സിൽ നിന്ന് പുതിയ ഉടമസ്ഥരിലേക്കായിരിക്കും കൈമാറ്റം.

2016 മുതൽ നിഖിൽ ബി. നിമ്മഗഡ്ഡയുടെ നേതൃത്വത്തിലുള്ള മാഗ്നം സ്പോർട്സാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥത വഹിക്കുന്നത്. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലെ സാമ്പത്തിക പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉടമസ്ഥാവകാശം കൈമാറാനുള്ള നീക്കങ്ങൾ നടന്നുവരികയായിരുന്നു. കൈമാറ്റവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവരും. അതേസമയം, ക്ലബ്ബിന്റെ ആസ്ഥാനം കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടയിലും കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തന്നെ തുടരുമെന്നാണ് ക്ലബ്ബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന സീസണിലും ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം തന്നെയായിരിക്കും ടീമിന്റെ ഹോം ഗ്രൗണ്ട്.

പുതിയ സീസണിലെ മത്സരക്രമം ഇന്ന് പുറത്തുവന്നു. ഒക്ടോബർ 11ന് ഇന്റർ കാശിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനാൽ ടീമിന്റെ പ്രീ-സീസൺ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലോൺ അടിസ്ഥാനത്തിൽ മറ്റൊരു ക്ലബ്ബിലേക്ക് മാറിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷ. അതേസമയം, സീസണിലെ പ്രധാന താര കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഇനിയും പുറത്തുവരാനുണ്ട്.