ബസ് ചാർജ് വർധനയില്ല; വിദ്യാർഥി കൺസഷനും കൂട്ടില്ലെന്ന് മന്ത്രി സി.പി. ജോൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും വർധനയുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതൊഴികെയുള്ള ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരക്ക് വർധനയെ ബസുടമകളിൽ തന്നെ ഒരു വിഭാഗം എതിർക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചാർജ് കൂട്ടിയാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നാണ് ഇവരുടെ ആശങ്ക. കൂടുതൽ പേർ സ്വകാര്യ വാഹനങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും സി.പി. ജോൺ പറഞ്ഞു.
സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന 30,000 ബസുകളുടെ എണ്ണം ഇപ്പോൾ 8,000 ആയി കുറഞ്ഞിട്ടുണ്ട്. ഓട്ടോ, ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെയും നിലപാട്. ഇവരുടെ നിരക്ക് അവസാനമായി പുതുക്കിയത് 2022ലാണെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, കൗമാരക്കാർ ഉൾപ്പെടുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മക്കൾ വാഹനമോടിച്ച കാര്യം അറിയില്ലായിരുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെടാനാകില്ല. വാഹനത്തിന്റെ ഉടമസ്ഥർ എന്ന നിലയിൽ നിയമലംഘനങ്ങൾക്ക് രക്ഷിതാക്കൾക്കും ശിക്ഷ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
